മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിട്ടുള്ളത് എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സാക്ഷ്യപ്പെടുത്തുന്നു. 55.5 ദശലക്ഷം ലൈക്കുകളും 3.4 ദശലക്ഷത്തിലധികം കമന്റുകളുമാണ് മുട്ടയുടെ ചിത്രം നേടിയത്.
“ഇന്നും മൂന്ന് വർഷം മുമ്പ് പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രമാണ് വേൾഡ് റെക്കോർഡ്. 55.5 ദശലക്ഷം ലൈക്കുകളുള്ള ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്ത ചിത്രമാണിത്!” ഗിന്നസ് വേൾഡ് റെക്കോർഡ്സ് ട്വിറ്ററിൽ കുറിച്ചു.
ചിത്രം പോസ്റ്റ് ‘world_record_egg’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ഒരു മുട്ടയുടെ ചിത്രം മാത്രമേയുള്ളൂ എന്നതാണ് രസകരമായ കാര്യം. വീഡിയോ വിഭാഗത്തിൽ രണ്ട് വീഡിയോകൾ കാണാമെങ്കിലും പേജിൽ മറ്റ് ഫോട്ടോകളൊന്നുമില്ല. രണ്ട് വീഡിയോകളും 2020-ലാണ് പോസ്റ്റ് ചെയ്തത്. പേജിന് 4.8 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
2019 ജനുവരി 4നാണ് കോഴിമുട്ടയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. “നമുക്ക് ഒരുമിച്ച് ഒരു ലോക റെക്കോർഡ് സൃഷ്ടിക്കാം, ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്ത പോസ്റ്റ് നേടാം. കൈൽ ജെന്നറിന്റെ (18 ദശലക്ഷം) നിലവിലെ ലോക റെക്കോർഡ് മറികടക്കാം!” എന്ന കുറിപ്പുമായി പോസ്റ്റ് ചെയ്ത മുട്ടയുടെ പോസ്റ്റ് പത്ത് ദിവസത്തിനുള്ളിൽ ജനുവരി 14-ന് ലക്‌ഷ്യം കൈവരിച്ചു. ഇതോടെ 2018 ഫെബ്രുവരിയിൽ തന്റെ നവജാത മകൾ സ്റ്റോമിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് കൈൽ നേടിയ റെക്കോർഡ് പഴങ്കഥയായി. കൈൽ ജെന്നറിന്റെ ചിത്രത്തിന്റെ ലൈക്കുകളും മറികടന്ന് ദിവസങ്ങൾക്കുള്ളിൽ 30 ദശലക്ഷം ലൈക്കുകളും നേടി.