2021-ൽ ആഗോളതലത്തിൽ ഭക്ഷ്യവില ഏറ്റവും ഉയർന്നനിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ(എഫ്.എ.ഒ.) വ്യാഴാഴ്ച അറിയിച്ചു. 2020-മായി താര്യതമ്യം ചെയ്യുമ്പോൾ ശരാശരി 28 ശതമാനത്തോളമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭക്ഷ്യവസ്തുക്കളുടെ അന്താരാഷ്ട്ര വിലകളിലെ ഓരോ മാസവുമുള്ള മാറ്റങ്ങൾ നിരീക്ഷിക്കുന്ന് എഫ്.എ.ഒയുടെ ഭക്ഷ്യവില സൂചിക ഡിസംബറിൽ നേരിയ തോതിൽ കുറഞ്ഞതായി കണ്ടെത്തി.
സാധാരണഗതിയിൽ ഉയർന്നവില ഉത്പാദനം വർധിപ്പിക്കുന്നതിലേക്കാണ് നയിക്കുക. എന്നാൽ, കോവിഡ് മഹാമാരിയും ഉത്പാദന ചെലവിലുണ്ടായ വർധനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം 2022-ൽ കൂടുതൽ സ്ഥിരതയുള്ള വിപണിയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷപോലും നൽകുന്നില്ല-എഫ്.എ.ഒ.യുടെ സീനിയർ ഇക്കോണമിസ്റ്റ് അബ്ദോൾറെസ അബ്ബാസിയൻ പ്രസ്താവനയിൽ അറിയിച്ചു.
ആവശ്യം കൂടിയതിനാൽ കഴിഞ്ഞവർഷം എല്ലാ വിഭാഗത്തിലുംപെട്ട ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർധിച്ചിട്ടുണ്ട്-അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യ എണ്ണയുടെ വിലയാകട്ടെ കഴിഞ്ഞ വർഷം 66 ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയിലെത്തി. ധാന്യവിലയാകട്ടെ 27 ശതമാനം വർധിച്ച് 2012-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലും എത്തി. ചോളത്തിന്റെ വില 44.1 ശതമാനവും ഗോതമ്പിന്റെ വില 31.3 ശതമാനവും വർധിച്ചു.
മാംസത്തിന്റെ വില കഴിഞ്ഞ പത്ത് വർഷം കൊണ്ട് വർധിച്ചപ്പോൾ പാലുത്പന്നങ്ങളുടെ വില 16.9 ശതമാനമാണ് വർധിച്ചതെന്ന് എഫ്.എ.ഒ. വ്യക്തമാക്കുന്നു.
Content highlights: global food prices hit ten year high In last year un agency