പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ക്ലേറ്റ്. മിഠായികളുടെയും പലഹാരങ്ങളുടെയും നിർമാണത്തിനാണ് ചോക്ക്ലേറ്റ് അധികവും ഉപയോഗിച്ചുവരുന്നത്.
ചോക്ക്ലേറ്റുകൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കുന്ന റോക്കറ്റ് തയ്യാറാക്കി കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ആമുറി ഗീഷോൺ എന്ന ഷെഫ്.
ചോക്കലേറ്റ് റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ഷെഫ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഭൂമിയിൽ നിന്ന് കുതിച്ചുയരുന്ന റോക്കറ്റിന്റെ രൂപമാണ് ഷെഫ് തീർത്തത്. റോക്കറ്റിന്റെ എല്ലാഭാഗങ്ങളും തീർത്തിരിക്കുന്നത് ചോക്ക്ലേറ്റിലാണ് എന്നതാണ് ശ്രദ്ധേയം.
ഒരു ട്രേയിൽ ചോക്ക്ലേറ്റ് ഒരുക്കിയെടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നെ റോക്കറ്റിന്റെ ഓരോഭാഗങ്ങളും ചോക്കലേറ്റിൽ തന്നെ നിർമിച്ചെടുക്കും. അതീവശ്രദ്ധയോടെയാണ് ഓരോഭാഗങ്ങളും ഉണ്ടാക്കുന്നത്. ഏറെ സമയമെടുത്താണ് ഇത് തയ്യാറാക്കുന്നതെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകും. ഓരോ ഭാഗവും ചോക്ക്ലേറ്റ് ഉപയോഗിച്ച് തന്നെയാണ് ബന്ധിപ്പിക്കുന്നത്. കഴിക്കാൻ കഴിയുന്ന പെയിന്റ് ഉപയോഗിച്ച് നിറം കൂടി കൊടുത്തുകഴിയുമ്പോൾ റോക്കറ്റ് ചോക്ക്ലേറ്റ് ആണെന്ന് ആരും പറയില്ല.
ഇതുവരെ 32 ലക്ഷത്തിൽ അധികം പേരാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിൽ അധികം ലൈക്കുകളും രണ്ട് ദിവസത്തിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചു. മികച്ച കലാസൃഷ്ടിയാണിതെന്ന് വീഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തു.
മുമ്പും ചോക്ക്ലേറ്റ് കൊണ്ട് പല രൂപങ്ങളും തയ്യാറാക്കി ആമുറി ഗീഷോൺ ഇൻസ്റ്റഗ്രാമിനെ വിസ്മയിപ്പിച്ചിട്ടുണ്ട്.
Content highlights: chef creates rocket ship out of chocolate, internet get amused