മധുരത്തിനു മുന്നിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. രുചികരമായ മധുരവിഭവങ്ങൾ തേടിപ്പിടിച്ച് കഴിക്കുന്നവരുമുണ്ട്. അത്തരക്കാരെയെല്ലാം കൗതുകപ്പെടുത്തുന്ന ഒരു മധുരവിശേഷമാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. സംഗതി ഒരു മിഠായിയാണ്, വെറും മിഠായിയല്ല സ്വർണ മിഠായി.
ഇൻസ്റ്റഗ്രാമിലെ ഒരു ഫുഡ് പേജിലൂടെയാണ് ഈ മധുര വിഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഡൽഹിയിലെ മൗജ്പൂരിലെ ശകുൻ സ്വീറ്റ്സിൽ നിന്നാണ് വ്യത്യസ്തമായ ഈ മിഠായിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേരിൽ മാത്രമല്ല വിലയിലും മുമ്പിലാണ് കക്ഷി. സ്ഥിരം മിഠായികളെപ്പോലെയല്ല, പതിനാറായിരം രൂപയാണ് ഒരുകിലോ മിഠായിയുടെ വില.
ഒരു ട്രേ നിറച്ച് ഈ മധുരമിഠായി വച്ചിരിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഗോൾഡ് പ്ലേറ്റ് ഫോയിലുകൾ അവയ്ക്ക് മുകളിൽ വെക്കുന്നു. ഇനി മിഠായി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ആവശ്യക്കാർക്ക് നൽകുന്നു.
10.9 മില്യൺ കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്. വില അൽപം കൂടുതലാണെന്ന വാദവുമായെത്തിയവരും ഉണ്ട്. ഇതുപോലെ ഒരു കിലോ മിഠായിക്ക് കൊടുക്കുന്ന പണമുണ്ടെങ്കിൽ നിരവധി പേർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് കമന്റ് ചെയ്യുന്നവരും ഏറെ.
Content Highlights: delhi shop sells gold sweet for 16,000, viral videos, food videos