ചോളത്തിനൊപ്പം ചാട്ട് മസാലയും ചോക്ലേറ്റും ബട്ടറും ചേർത്ത് വിൽക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വീഡിയോ കുറച്ച് ആഴ്ചകൾക്ക് മുമ്പ് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇങ്ങനെ ഒരിക്കലും ചേരില്ലെന്നു കരുതുന്ന ചേരുവകൾ കൊണ്ട് തയ്‌യാറാക്കുന്ന വിഭവങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. വഴിയോരകച്ചവടക്കാരാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നവരിൽ അധികവും.
എന്നാൽ, വളരെ വ്യത്യസ്തമായ ഒരു വിഭവം പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ളോഗറായ ഷിഹാൻ ചൗധരി. ചില്ലിപെപ്പർകുക്ക്സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചോക്ലേറ്റും പച്ചമുളകും ചേർത്ത ലസ്സിയുണ്ടാക്കുന്ന വീഡിയോ ചൗധരി പങ്കുവെച്ചത്. ടോബിൾറോൺ ലസ്സി, അടുത്തത് ഞാൻ ഏത് തരം ലസ്സിയാണ് ഉണ്ടാക്കേണ്ടത് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്.
ഒരു കപ്പ് കട്ടത്തൈരിൽ ഒരു കപ്പ് പാലും ഒരു ടേബിൾ സ്പൂൺ പാൽപൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം. തേനിൽ മുക്കിയെടുത്ത, വിത്ത് നീക്കം ചെയ്ത ഒരു പച്ചമുളകും ഇതിലേക്ക് ചേർക്കും. അതിനുശേഷം ടോബിൾറോൺ ചോക്ലേറ്റ് ചേർക്കും. ഇത് നന്നായി അലിഞ്ഞ് ചേരുന്നതുവരെ മിക്സിയിൽ അടിച്ചെടുക്കും.
പാലും ചോക്ലേറ്റും തേനും ഒക്കെ ചേർത്ത് തയ്‌യാറാക്കുന്ന ലെസ്സിയിൽ പച്ചമുളക് ചേർത്തത് ലസ്സി പ്രേമികൾക്ക് അത്ര രസിച്ചില്ലെങ്കിലും സംഗതി കൊള്ളാമെന്ന് പലരും അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ ആശയമാണെന്ന് ഒരാൾ വീഡിയോയ്‍ക്ക് കമന്റ് ചെയ്തു.
Content highlights: lassi made with green chilli and chocolate viral video bizzare food