ഉച്ചയൂണിന് പച്ചക്കറികൾ കൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കിയാലോ? ഇരുമ്പൻപുളി കൊണ്ടുണ്ടാക്കിയ വറുത്തരച്ച കറിയും പപ്പായ എരിശ്ശേരിയും തയ്‌യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇരുമ്പൻപുളി വരുത്തരച്ച കറി
ചേരുവകൾ
ഇരുമ്പൻപുളി(ചെമ്മീൻപുളി) – 15 എണ്ണം
തക്കാളി – 1
പച്ചമുളക് – 1
തേങ്ങ ചിരകിയത് – 1 1/2 കപ്പ്
മല്ലി – 1 ടേബിൾസ്പൂൺ
വറ്റൽമുളക് – 4 എണ്ണം
തുവരപ്പരിപ്പ് – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
ചുവന്നുള്ളി – 5-6 എണ്ണം
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
കറിവേപ്പില – 1 തണ്ട്
കടുക് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
തയ്‌യാറാക്കുന്ന വിധം
നീളത്തിൽ മുറിച്ച ഇരുമ്പൻപുളി, തക്കാളി, പച്ചമുളക് എന്നിവ അല്പം ഉപ്പ് ചേർത്ത് 1 കപ്പ് വെള്ളത്തിൽ വേവിക്കുക. 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് മല്ലി, വറ്റൽമുളക്, തുവരപ്പരിപ്പ് എന്നിവ മൂപ്പിച്ചു അതിലേക്ക് തേങ്ങ ചേർത്ത് വറുക്കുക. മൂത്ത് വരുമ്പോൾ അതിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി കൂടെ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. അല്പം ചൂടാറിയ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. അരച്ച കൂട്ട് വേവിച്ചു വച്ചിരിക്കുന്ന ഇരുമ്പൻപുളിയിലേക്ക് ചേർത്ത് തിളപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക്, വറ്റൽമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ താളിച്ചു കറിയിൽ ചേർക്കുക.
പപ്പായ എരിശ്ശേരി
ചേരുവകൾ
പപ്പായ – ഒന്നിന്റെ പകുതി
ചെറുപയർ – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ് + 2 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 2 അല്ലി
ജീരകം – 1 ടീസ്പൂൺ.
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ
ഉപ്പ്
തയ്‌യാറാക്കുന്ന വിധം
ചെറുപയർ 1 മണിക്കൂർ കുതിർത്തു വെക്കുക. ചതുരകഷ്ണങ്ങൾ ആക്കിയ പപ്പായ, കുതിർത്ത ചെറുപയർ, അല്പം മഞ്ഞൾപൊടി, മുളക്പൊടി, പാകത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക. 1 കപ്പ് ചിരകിയ തേങ്ങ, ജീരകം, മഞ്ഞൾപൊടി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ചെടുക്കുക. വേവിച്ച പയർ പപ്പായയിലേക്ക് അരച്ച കൂട്ട് ചേർത്ത് വേവിക്കുക. കറി കുറുകി പച്ചമണം മാറി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു മൂപ്പിച്ചു അതിലേക്ക് 2 ടേബിൾസ്പൂൺ തേങ്ങ കൂടി ചേർത്ത് മൂപ്പിച്ചു കറിയിൽ ചേർക്കുക.
Content Highlights: lunch box recipe, easy lunch recipes, lunch recipes indian, lunch recipes in malayalam