നൂതനമായ നിരവധി മാറ്റങ്ങളാണ് സ്മാർട്ഫോൺ നിർമാണ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഫോണിന്റെ കഴിവിലും പ്രവർത്തന മികവിലും ഈ മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. ശക്തിയേറിയ പ്രൊസസർ ചിപ്പുകൾ, ശക്തിയേറിയ ക്യാമറകൾ, മികവാർന്ന സ്ക്രീനുകൾ, മികച്ച ഗ്രാഫിക്സ് ശേഷി, ആകർഷകമായ രൂപകൽപന, 5ജി പോലുള്ള അതിവേഗ കണക്റ്റിവിറ്റി, അതിവേഗ ചാർജിങ് അങ്ങനെ പോവുന്നു ആ മാറ്റങ്ങൾ.
അങ്ങനെ ഇതുവരെ കണ്ടതിൽ ഏറ്റവും മികവാർന്ന ഒരു കൂട്ടം സ്മാർട്ഫോണുകളെയാണ് 2022 കാത്തിരിക്കുന്നത്. അതിൽ ചില ഫോണുകൾ ഇതാ.
സാംസങ് ഗാലക്സി എസ്22 സീരീസ് ഗാലക്സി എസ് 21
ഫെബ്രുവരി ആദ്യം തന്നെ സാംസങ് എസ് 22 പരമ്പര ഫോണുകൾ പുറത്തിറക്കിയേക്കും. പുതിയ ഡിസൈനും ശക്തിയേറിയ ഹാർഡ് വെയറും ക്യാമറ സംവിധാനവും ഇതിലുണ്ടാകും.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.0 സോഫ്റ്റ് വെയർ ആയിരിക്കും ഇതിൽ. ഗാലക്സി എസ്22 അൾട്രയിൽ എസ് പെൻ പിന്തുണയുമുണ്ടാവും.
സാംസങിന്റെ എസ് 21 എഫ്ഇ സ്മാർട്ഫോണും 2022 തുടക്കത്തിൽ തന്നെ പുറത്തിറങ്ങിയേക്കും. ബജറ്റ് ഫ്ളാഗ്ഷിപ്പ് ഗണത്തിലേക്കാണ് ഇത് വരിക. എസ് 22 പരമ്പരയേക്കാൾ വില കുറവായിരിക്കും. പുതിയ സൗകര്യങ്ങളും ഡിസൈനും ഈ ഫോണിലും പ്രതീക്ഷിക്കാം.
വൺ പ്ലസ് 10 പരമ്പര, വൺപ്ലസ് നോർട് 2 സിഇ
വൺപ്ലസിന്റെ 10 പരമ്പര ഫോണുകൾ ജനുവരിയിൽ തന്നെ പുറത്തിറങ്ങിയേക്കും. വൺപ്ലസ് 10, വൺ പ്ലസ് 10 പ്രോ ഫോണുകളാണ് ഇതിലുണ്ടാവുക. പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ് ആയിരിക്കും ഇതിലുണ്ടാവുക. പുതിയ ക്യാമറ സെറ്റ് അപ്പും ക്യൂഎച്ച്ഡി സ്ക്രീൻ ഉൾപ്പടെയുള്ള മറ്റ് മാറ്റങ്ങളും ഇതിൽ പ്രതീക്ഷിക്കാം.
ഓപ്പോയിലെ കളർ ഒഎസും ഓക്സിജൻ ഒഎസും സംയോജിപ്പിച്ച യുണിഫൈഡ് ഒഎസും പുതിയ ഫോണുകളിൽ വൺപ്ലസ് അവതരിപ്പിച്ചേക്കും.
ഫെബ്രുവരിയിയിൽ വൺപ്ലസിന്റെ നോർഡ് 2 എസ്ഇ ഫോൺ അവതരിപ്പിക്കപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആപ്പിൾ ഐഫോൺ 14 പരമ്പര, ഐഫോൺ എസ്ഇ 3
പതിവുപോലെ ഐഫോണിന്റെ പുതിയ പതിപ്പ് 2022 ലും എത്തും. ഐഫോൺ 14 പരമ്പരയാണ് ഇനി വരാനുള്ളത്. ഫോണിന് പഞ്ച് ഹോൾ സ്ക്രീൻ ആയിരിക്കുമെന്നും 48 എംപി ക്യാമറ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ആപ്പിൾ എ16 ബയോണിക് ചിപ്പ് ആയിക്കും എന്നും പ്രോ മോഡലുകളിൽ രണ്ട് ടിബി സ്റ്റോറേജ് ഉണ്ടാവുമെന്നും പറയപ്പെടുന്നു.
പിക്സൽ 6എ
ഈ വർഷം പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 6 പിക്സൽ 6 പ്രോ സ്മാർട്ഫോണുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കമ്പനിയുടെ തന്നെ ടെൻസർ ചിപ്പ് ശക്തിപകരുന്ന ഫോണികൾക്ക് മറ്റ് ഫ്ളാഗ്ഷിപ്പുകളോട് മത്സരിക്കാനും സാധിച്ചിരുന്നു.
അതേസമയം പിക്സൽ 5എ ഫോണുകൾക്ക് പിൻഗാമിയായി പിക്സൽ 6എ എത്തിയേക്കും. പുതിയ ടെൻസർ ചിപ്പ് ആയിരിക്കും ഇതിൽ. പിക്സൽ 6, പിക്സൽ 6 പ്രോ ഫോണുകൾ പുറത്തിറക്കിയിട്ടില്ലാത്ത ഇന്ത്യ പോലുള്ള ഇടങ്ങളിൽ ഈ ഫോൺ എത്തിയേക്കും.
ഓപ്പോ ഫൈൻഡ് എൻ
ഓപ്പോയുടെ ആദ്യ ഫോൾഡബിൾഫോൺ ആണിത്. 2021 അവസാനത്തോടെയാണ് ഈ ഫോൺ പ്രഖ്യാപിച്ചത്. സാംസങിന്റെ ഗാലക്സി സെഡ് ഫോൾഡ് പരമ്പരയ്‍ക്ക് സമാനമായി അകത്തോട്ട് മടക്കുന്ന വിധത്തിലാണ് ഓപ്പോ ഫൈന്റ് എനിന്റെയും രൂപകൽപന. ഇത് വളരെ ലളിതമായ രൂപകൽപനയിലുള്ളതും ഉപകാരപ്രദവും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസ്പ്ലേയിലെ ചുളിവ്, ഫോണിന്റെ മൊത്തതിലുള്ള ഈട് നിൽക്കൽ, മികച്ച ഹിഞ്ച്, ഡിസ്പ്ലേ ഡിസൈൻ എന്നിങ്ങനെ മുമ്പ് പുറത്തിറങ്ങിയ ഫോൾഡബിൾ ഫോണുകളിൽ പ്രധാന പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ഫൈന്റ് എൻ എത്തുന്നത് എന്ന് ഓപ്പോ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വൺ പ്ലസ് സ്ഥാപകനുമായ പെറ്റ് ലാവു പറഞ്ഞു.
റിയൽമി ജിടി 2
ജനുവരി നാലിന് റിയൽമി ജിടി 2 പരമ്പര എത്തും. മികച്ച ക്യാമറ ഫീ്ച്ചറുകളുമായാണ് റിയൽമി ജിടി 2 പ്രോ എത്തുന്നത്. 50 എംപി സോണി ഐഎംഎക്സ് സെൻസർ ആയിരിക്കും ഇതിൽ. സ്നാപ്ഡ്രാഗൺ 888 ചിപ്പ് സെറ്റായിരിക്കുമോ എന്ന് വ്യക്തമല്ല.
Content Highlights: smartphones expecting in 2022