കാക്കൂർ: കൂർക്കൽ കൃഷിയിൽ നൂറുമേനി വിളയിച്ച് ശ്രദ്ധേയമാവുകയാണ് കാക്കൂർ പതിനൊന്നേ രണ്ടിൽ കുളക്കാട്ട്മുണ്ടയിലെ മൂന്ന് കുടുംബങ്ങൾ. സഹോദരങ്ങളായ കെ.പി. ബിജുവും, ബാബുവും ബന്ധുവായ സത്യനും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് ഒരേക്കറോളം സ്ഥലത്ത് കൃഷി നടത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിവരുന്നത്. മുമ്പ് ഓരോരുത്തരും സ്വന്തമായ നിലയിൽ കുറച്ച് സ്ഥലത്തായിരുന്നു കൃഷിചെയ്തിരുന്നത്. തുടർന്ന് ഈ മൂന്നു കുടുംബങ്ങൾ ചേർന്ന് ജനനീ കർഷകസംഘം എന്ന പേരിൽ കൂട്ടായ്മ രൂപവത്‌കരിച്ച് കൂർക്കലും, ഇടവിളകളുടെ കൃഷിയും കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു.
കുന്നിനു മുകളിലെ കൃഷിയിടത്തിലെ നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള ജോലികളെല്ലാം ഇവർ തന്നെയാണ് ചെയ്‌യുന്നത്. ഓട്ടോ ഡ്രൈവറായ ബിജുവും കൂലിപ്പണിക്കാരനായ ബാബുവും ലോഡിങ് തൊഴിലാളിയായ സത്യനും തങ്ങളുടെ ജോലി കഴിഞ്ഞുള്ള സമയമാണ് കൃഷിപ്പണിക്കായി വിനിയോഗിക്കുന്നത്. മൂന്നുപേരുടെയും ഭാര്യമാരായ ബിന്ദു, വനജ, ഷിനി എന്നിവർക്കൊപ്പം കുട്ടികളും കൃഷിപ്പണിയിൽ സജീവമായി പങ്കെടുക്കാറുണ്ട്. സ്വന്തമായി ജോലികളെല്ലാം ചെയ്‌യുന്നത്കൊണ്ടു തന്നെ കൃഷിക്കായി വലിയ മുതൽമുടക്ക് ആവശ്യമായി വരാറില്ല.
ഇടവിളക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാൽ വേനൽക്കാല പച്ചക്കറിക്കൃഷിയും നടത്താറുണ്ട്. കുന്നിൻപ്രദേശം ആയതിനാൽ ജലസേചനസൗകര്യം ഇല്ലാത്തതാണ് പച്ചക്കറി കൃഷിക്കുള്ള പ്രധാന വെല്ലുവിളി. മഴക്കാലത്ത് ടാർപോളിൻ ഷീറ്റ് കെട്ടി ടാങ്കിൽ സംഭരിച്ചു വെക്കുന്ന മഴവെള്ളമാണ് ഇതിന് ഉപയോഗിക്കാറുള്ളത്. എന്നാൽ വേനൽ അവസാനംവരെ ഈ വെള്ളം കൃഷിക്ക് തികയാറില്ല.
നിലവിൽ കൂർക്കൽ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി തുടങ്ങിയ ഇനങ്ങളെല്ലാം കൃഷിചെയ്‌യുന്നുണ്ട്. മൂന്നരമാസം മുമ്പ് വിത്തിട്ട് ഈ വിളകളെല്ലാം വിളവെടുപ്പിനു പാകമായിട്ടുണ്ട്. ഇത്തവണ മൂന്ന് ക്വിന്റലോളം കൂർക്കൽ വിളവെടുക്കാൻ ഉണ്ടാവുമെന്നതാണ് ഇവരുടെ പ്രതീക്ഷ. വിളവെടുപ്പ് തുടങ്ങിയാൽ പെട്ടെന്നുതന്നെ ആവശ്യക്കാർ എത്താറുണ്ട്. ജൈവരീതിയിൽ നടത്തുന്ന കൃഷി ആയതുകൊണ്ടുതന്നെ ഇവയ്‍ക്ക് ആവശ്യക്കാരും ഏറെയുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.