വെജ്, നോൺ-വെജ് വിഭവങ്ങൾ പിന്തുടരുന്നവർക്ക് ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് വെണ്ണ. മാർക്കറ്റിൽ വെണ്ണ സുലഭമായി ലഭിക്കുമെങ്കിലും മായം കലർത്തിയിട്ടുണ്ടാകുമെന്ന ചിന്ത പലപ്പോഴും അത് വാങ്ങുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കും.
വെണ്ണയിൽ സാധാരണ ചേർക്കാറുള്ള മായം സ്റ്റാർച്ച് ആണ്. നമ്മുടെ ഭക്ഷണത്തിൽ സാധാരണ കണ്ടുവരുന്ന കാർബോഹൈഡ്രേറ്റുകളിലൊന്നാണ് സ്റ്റാർച്ച്. ഉരുളക്കിഴങ്ങ്, ചോറ് എന്നിവയിലെല്ലാം സ്റ്റാർച്ച് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
വെണ്ണയിലെ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വിദ്യ വീഡിയോ രൂപത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർസ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.). ഇൻസ്റ്റഗ്രാമിലെ തങ്ങളുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു ഗ്ലാസിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് അൽപ്പം വെണ്ണ ഇടുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി അയഡിൻ ലായനി ചേർക്കുക. കുറച്ച് സമയം കാത്തിരിക്കുക. വെണ്ണയിൽ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ടെങ്കിൽ ഗ്ലാസിലെ വെള്ളത്തിന് നീല നിറമാകും. മായമൊന്നും അടങ്ങിയിട്ടില്ലെങ്കിൽ ഗ്ലാസിലെ വെള്ളത്തിന് നിറമാറ്റമൊന്നും സംഭവിക്കുകയില്ല.
വെണ്ണയിലെ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വഴിയാണിത്. കുറച്ച് സമയത്തിനുള്ളിൽ അധികം ബുദ്ധിമുട്ടുകളില്ലാതെ മായമുണ്ടെങ്കിൽ കണ്ടെത്താൻ കഴിയും.
Content highlights: is butter is adulterated with starch new video of fssai