കോഴിക്കോട് > സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്നേരെയുള്ള വധഭീഷണിയിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജിഫ്രി തങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നോക്കി നിൽക്കാനാവില്ല. ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
സാമുദായിക വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണം. സമസ്തയുടെ നിലപാടിൽ അനാവശ്യ വിവാദമുണ്ടാക്കി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം വ്യക്തമാക്കി. പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.