തലശ്ശേരി: കേക്കിന്റെയും സർക്കസിന്റെയും ജന്മനാട്ടിൽനിന്ന് സർക്കസ് തമ്പിന്റെ രൂപത്തിലൊരു കൂറ്റൻ കേക്ക്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലെ ‘ആര്യ ഫലൂദ വേൾഡി’ലാണ് 115 കിലോയോളം തൂക്കം വരുന്ന ഭീമൻ കേക്ക് നിർമിച്ചത്. സ്റ്റാളിൽ പ്രദർശത്തിന് വെച്ച കേക്ക് കാണാനും സെൽഫിയെടുക്കാനും ആളുകളുടെ തിരക്കാണ്.
മുഖ്യ ബേക്കർ ശ്രീനി പറമ്പനടക്കം നാല് ജീവനക്കാർ 12 മണിക്കൂർ കൊണ്ടാണ് കേക്കുണ്ടാക്കിയത്. മൃഗങ്ങൾ അനുവദനീയമായ പഴയകാല തമ്പിനെ അനുസ്മരിപ്പിക്കുന്നതരത്തിൽ കൊമ്പനാന, ജിറാഫ്, സിംഹം, കടുവ, കരടി, കുതിര, നായ എന്നിവയുടെ രൂപങ്ങൾ കേക്കിലുണ്ട്. ജോക്കർ ഉൾപ്പെടെ ഒട്ടേറെ സർക്കസ് കലാകാരന്മാരുടെ രൂപങ്ങളുമുണ്ട്. ട്രീപ്പീസ് ഉൾപ്പെടെയുള്ള സർക്കസ് ഇനങ്ങളും കാണാം.
ഓരോ രൂപവും വെവ്വേറെ ഉണ്ടാക്കി ഒന്നിച്ച് ക്രമീകരിക്കുകയായിരുന്നു. സ്പോഞ്ച് കേക്ക്, ഷുഗർ പേസ്റ്റ്, കേക്ക് ഊർന്നുപോകാതിരിക്കാനുള്ള ‘സ്റ്റൈറോ’ എന്നിവയാണ് പ്രധാന നിർമാണ സാമഗ്രികൾ. ഓരോ വർഷവും ക്രിസ്മസ്-പുതുവത്സരക്കാലത്ത് ഇത്തരത്തിലുള്ള പുതുമയാർന്ന മാതൃകകൾ വിഷയമാക്കി കേക്കുകൾ തയ്‌യാറാക്കാറുണ്ടെന്ന് പാർട്ണർമാരായ അബൂബക്കർ സിദ്ദിഖ്, അസ്ലം ആര്യ, അജ്മൽ ആര്യ എന്നിവർ പറയുന്നു.
Content Highlights: huge cake, christmas cake, falooda cake