വീഞ്ഞ് എന്ന് കേൾക്കുമ്പോൾ മുന്തിരിയും ആപ്പിളും ചാമ്പക്കയും പൈനാപ്പിളും ഒക്കെയാണ് മനസ്സിലെത്തുക. എന്നാൽ വീഞ്ഞ് തയ്‌യാറാക്കുന്നതിലെ സർഗാത്മകതയാണ് വടക്കാഞ്ചേരി അത്താണിയിലെ സ്പിന്നർ ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ഉടമ ആലീസ് ജോർജ്കുട്ടിയെ വ്യത്യസ്തയാക്കുന്നത്. ഔഷധഗുണങ്ങളേറെയുള്ള തുളസിക്കതിരിലായിരുന്നു പരീക്ഷണം. ഇതിന്റെ രുചിയും നിറവും ഔഷധഗുണവും കുടുംബസുഹൃത്തുക്കൾക്ക് പുതുമ സമ്മാനിച്ചതോടെ വീട്ടിൽ വിരുന്നെത്തിയാൽ അവർ ആദ്യം ആവശ്യപ്പെടുന്നത് തുളസിക്കതിർ വീഞ്ഞാണെന്ന് ആലീസ് പറയുന്നു. വീഞ്ഞിന് വയലറ്റ് നിറമാണ്.
തുളസിക്കതിർ കഴുകി നല്ലവണ്ണം വെള്ളം കളയുക. ശേഷം ചെറിയ വെയിലത്ത് ജലാംശം പൂർണമായും ഒഴിവായെന്ന് ഉറപ്പുവരുത്തി ഭരണിയിൽ തുളസിക്കതിരടക്കമുള്ള ചേരുവകൾ ഇട്ട്, അതിൽ പതിമുകം തിളപ്പിച്ചാറിയ വെള്ളം ചേർക്കും. പിന്നീട് തിളപ്പിച്ചാറിയ വെള്ളം ചേരുവകളെല്ലാം നന്നായി മുങ്ങുന്നവിധത്തിൽ ഒഴിക്കും. തുടർന്ന് മരത്തവികൊണ്ട് ഇളക്കുന്നു. വായു കടക്കാത്തവിധം ഭരണി മൂടി നല്ല തുണി ഉപയോഗിച്ച് കെട്ടിവെയ്‍ക്കും. 21 ദിവസം കഴിഞ്ഞാൽ അരിച്ചെടുത്താൽ തുളസിക്കതിർ വീഞ്ഞ് തയ്‌യാർ.
ചേരുവകൾ
തുളസിക്കതിർ-ഒരു കിലോ, ശർക്കരപഞ്ചസാര-750 ഗ്രാം, ഏലക്കായ-25 ഗ്രാം, കറുവപ്പട്ട-25 ഗ്രാം, ഗ്രാമ്പു-25 ഗ്രാം, സൂചിഗോതമ്പ്-25 ഗ്രാം. പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടവർക്ക് കുറയ്‍ക്കാം
Content Highlights: holy basil wine, holy basil recipe, wine recipe malayalam