ഈ വർഷം തങ്ങൾക്ക് ഏറ്റവും കൂടുതൽ ഓഡർ ലഭിച്ച വിഭവമേതെന്ന് വെളിപ്പെടുത്തി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. മറ്റൊന്നുമല്ല, ചിക്കൻ ബിരിയാണിയാണ് ആ പ്രിയപ്പെട്ട ഭക്ഷണം. തങ്ങളുടെ സ്റ്റേറ്റീസ്റ്റിക്സ്(statEATstics) റിപ്പോർട്ടിലാണ് സ്വിഗ്ഗി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറുവർഷമായി ചിക്കൻ ബിരിയാണിയാണ് തങ്ങൾക്ക് ഏറ്റവും കൂടുതൽ ഓഡർ കിട്ടിയ വിഭവമെന്ന് അവർ പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഓഡർ ചെയ്ത ഭക്ഷണത്തിന്റെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഒരു മിനിറ്റിൽ 115 ചിക്കൻ ബിരിയാണി(സെക്കൻഡിൽ 2 എണ്ണം) ഇന്ത്യക്കാർ ഓഡർ ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത് മിനിറ്റിൽ 90 എന്ന നിലയ്‍ക്കായിരുന്നു.
ചിക്കൻ ബിരിയാണിയെ അപേക്ഷിച്ച് 4.3 മടങ്ങ് കുറവാണ് വെജ് ബിരിയാണിക്ക് കിട്ടിയത്. നഗരങ്ങളിൽ കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നാണ് ചിക്കൻ ബിരിയാണിക്ക് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത്.
സ്വിഗ്ഗിയുടെ പഴയ ഉപഭോക്താക്കളിൽ മാത്രമല്ല പുതിയ ഉപഭോക്താക്കൾക്കും ചിക്കൻ ബിരിയാണിയോടാണ് പ്രിയം. 4.25 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കളും ആദ്യമായി ഓഡർ ചെയ്തത് ചിക്കൻ ബിരിയാണിയാണെന്ന് സ്വിഗ്ഗിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം, മുംബൈയിൽ ഏറ്റവും കൂടുതൽ ഓഡർ ചെയ്ത ഭക്ഷണം ധാൽ കിച്ചഡിയാണ്. ചിക്കൻ ബിരിയാണിയുടെ ഇരട്ടിയാണ് മുംബൈയിൽ ധാർ കിച്ചഡി വിറ്റത്. ജയ്പുരിൽ ധാൽ ഫ്രൈയും ഡൽഹിയിൽ ധാൽ മഖാനിയും ബെംഗളൂരുവിൽ മസാല ദോശയുമാണ് സ്വിഗ്ഗി വഴി ഏറ്റവും കൂടുതൽ ഓഡർ കിട്ടിയത്.
2021-ൽ ആരോഗ്യപ്രദമായ ഭക്ഷണത്തിനാണ് ഇന്ത്യക്കാർ കൂടുതൽ പ്രധാന്യം നൽകിയത്. ആരോഗ്യപ്രദമായ വിഭവങ്ങൾ തിരഞ്ഞത് ഇരട്ടിയായെന്നതിനു പുറമെ സ്വിഗ്ഗി ഹെൽത്ത്ഹബ്ബിലെ റെസ്റ്റൊറന്റുകളിൽ നിന്ന് ഓഡർ സ്വീകരിച്ചതിൽ 200 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കീറ്റോ ഫുഡ് ഓഡറിൽ 23 ശതമാനം വർധിച്ചിപ്പോൾ വീഗൻ ഭക്ഷണത്തിന്റെ ഓഡറിൽ 83 ശതമാനത്തിന്റെയും വർധന ഉണ്ടായി. ബെംഗളൂരുവാണ് ഇതിൽ ഒന്നാം സ്ഥാനത്തുള്ളത്.
സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓഡർ ലഭിച്ച സ്നാക് വിഭവം സമൂസയാണ്. അതേസമയം, ഈ വർഷം ഇന്ത്യക്കാർ സ്വിഗ്ഗി വഴി ഏറ്റവും കൂടുതൽ ഓഡർ ചെയ്ത ഡെസ്സേർട്ട് ഗുലാബ് ജാം ആണ്.
Content highlights: favorite food for indians last six years swiggy food order