കൊച്ചി: പ്രതിസന്ധികളെ തരണംചെയ്ത് തിരിച്ചുവരവിനൊരുങ്ങി കാറ്ററിങ് മേഖല. ജനുവരിയിൽ ആരംഭിക്കുന്ന വിവാഹ സീസണിലേക്കുള്ള ഓർഡറുകൾ മേഖലയ്‍ക്ക് ലഭിച്ചുതുടങ്ങി. പുതുവർഷത്തിൽ മികച്ച ബിസിനസ് കാഴ്ചവയ്‍ക്കാനാകുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ.
വിവാഹവിരുന്നുകളിൽ ആളുകളെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും വിഭവങ്ങളിൽ സമൃദ്ധിയും ഉണ്ടായിട്ടുണ്ട്. മലബാർ ഭാഗത്താണ് ആഘോഷങ്ങൾ കൂടുതൽ. ഭക്ഷണമൊരുക്കൽ പലയിടത്തും ‘ലൈവ്’ ആയി മാറിയിട്ടുണ്ട്. വൻകിട ഹോട്ടലുകളുടെ രീതിയിൽ ഇവന്റ് ഒരുക്കുന്നതിനോടൊപ്പം ഭക്ഷണ മെനുവിലും വർധനയുണ്ടായിട്ടുണ്ട്.
മൂന്നും നാലും ദിവസംവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് വലിയ വിവാഹങ്ങളിൽ. ഇതിൽ ഭക്ഷണത്തിന് വേണ്ടിമാത്രം വൻതുക മുടക്കുന്നവരുണ്ട്.
കല്യാണം കൂടാതെ ഓണം-ക്രിസ്മസ്-പുതുവത്സരം തുടങ്ങിയ സീസണുകളിലാണ് കാറ്ററിങ് മേഖലയിലെ പ്രധാന ബിസിനസ് നടക്കുന്നത്. ഈ സീസണുകളിലെല്ലാം മികച്ച ഓർഡറുകൾ ലഭിച്ചില്ലെങ്കിൽ മേഖലയ്‍ക്ക് പിടിച്ചുനിൽക്കാനാകില്ല.
ലൈസൻസ് ഇല്ലാത്തവരും
കാറ്ററിങ് മേഖലയിൽ ബിസിനസ് വർധിക്കുന്നതിന് അനുസരിച്ച് ലൈസൻസ് ഇല്ലാത്തവരുടെ എണ്ണത്തിലും വർധനയുണ്ട്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്റെ (എ.കെ.സി.എ.) കണക്കുപ്രകാരം 2,200 പേരാണ് കേരളത്തിൽ ലൈസൻസോടെ കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നത്.
എന്നാൽ, ഇതിൻറെ മുന്ന് ഇരട്ടിയോളം വരും ലൈസൻസില്ലാത്തവരുടെ എണ്ണം. വിലകുറച്ചാണ് ഇവർ ഭക്ഷണം നൽകുന്നത്. പക്ഷേ, ഇതിൽ എത്രമാത്രം ഗുണനിലവാരമുണ്ടെന്ന് ആരും നോക്കാറില്ലെന്ന് എ.കെ.സി.എ. സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് പറഞ്ഞു.
തിരിച്ചടിയായി വിലക്കയറ്റം
പച്ചക്കറി, പാചകവാതകം, ഇന്ധനം തുടങ്ങിയവയ്‍ക്കെല്ലാം വില കുതിച്ചുയർന്നത് മേഖലയ്‍ക്ക് തിരിച്ചടിയായി. കോവിഡ് പ്രതിസന്ധിയിൽനിന്ന് തിരിച്ചുകയറും മുൻപേ വിലവർധന മേഖലയ്‍ക്ക് താങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. വിലക്കയറ്റം മൂലം വിഭവങ്ങളുടെ വില വർധിപ്പിച്ചാൽ ഓഡറുകളിൽ കുറവുവരുന്ന സ്ഥിതിയാണ്.
ഒരാൾക്ക് ഏകദേശം നോൺവെജിന് 250 രൂപ മുതലും വെജിറ്റേറിയന് 200 രൂപ മുതലുമാണ് ഈടാക്കുന്നത്. എന്നാൽ, ലൈസൻസ് ഇല്ലാത്തവർ ഇതിലും വിലകുറച്ചാണ് നൽകുന്നത്.
വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരികയും അനധികൃത കാറ്ററിങ് ബിസിനസ് നിരോധിക്കുന്നതിലും സർക്കാർ നടപടിയെടുക്കണമെന്ന് എ.കെ.സി.എ. രക്ഷാധികാരി ബാദുഷ കടലുണ്ടി അഭിപ്രായപ്പെട്ടു.
Content highlights: catering sector to the return of celebrations food news