പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ് തൈരിന്റെ ഗുണങ്ങൾ. സൗന്ദര്യസംരക്ഷണത്തിനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈര് കഴിക്കുന്നത് ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ തൈരിന്റെ മറ്റൊരു ഗുണം കൂടി വിശദീകരിക്കുന്ന പുതിയൊരു പഠന റിപ്പോർട്ടുകൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ദിവസവും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
ലോകത്തിൽ നൂറ് കോടിയിലധികം പേർ രക്തസമ്മർദത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.എ. നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉയർന്ന രക്തസമ്മർദം ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹാർട്ട് അറ്റാക്കിനുവരെ കാരണമാകുകയും ചെയ്‌യും.
പാലുകൊണ്ടുള്ള ഉത്‌പന്നങ്ങളെല്ലാം, പ്രത്യേകിച്ച് തൈര് രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലുത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് ഇതിനുകാരണം. അമിത രക്തസമ്മർദം കുറയ്‍ക്കുന്നതിന് ഇതെല്ലാം സഹായിക്കുന്നുണ്ട്-പഠനത്തിന് നേതൃത്വം നൽകിയ ഡോ. അലക്സാൻഡ്ര വേഡ് പറഞ്ഞു.
ഇത് കൂടാതെ രക്തസമ്മർദം കുറയ്‍ക്കുന്ന പ്രോട്ടീൻ പുറത്ത് വിടുന്ന ബാക്‍ടീരിയ തൈരിൽ അടങ്ങിയിരിക്കുന്നു. ഉയർന്ന രക്തസമ്മർദമുള്ളവരിൽ ചെറിയ അളവിൽ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞു-അവർ കൂട്ടിച്ചേർത്തു.
health benefit of yogurt, yogurt will decrease highblood pressure new study says