വാളയാർ: കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം മന്ത്രിമാർ ഏറ്റുവാങ്ങി. കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാർ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി.
വിലാപയാത്രറോഡ് മാർഗം തൃശ്ശൂരിലേക്ക്നീങ്ങുകയാണ്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമർപ്പിക്കാൻദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നു. രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യംവിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയിൽ കാത്തുനിന്നത്.
തൃശ്ശൂരിലേക്ക് പോകുന്ന വിലാപയാത്ര പൊന്നൂക്കരയിൽ പ്രദീപ് പഠിച്ച സ്കൂളിൽഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കും. പൊതുജനങ്ങൾക്കും സഹപാഠികൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും.
വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണൻ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് അമ്മ കുമാരി.
Content Highlights: martyr a pradeep`s deadbody received by state government at walayar border