തന്തൂരി മോമോസ്, മഞ്ചൂരിയൻ മോമോസ്, ബട്ടർ ചിക്കൻ മോമോസ് തുടങ്ങി വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും അവരവരുടെ ഇഷ്ടങ്ങളിൽ തിരഞ്ഞെടുക്കാൻ പറ്റിയ സ്നാക്സുകളിലൊന്നാണ് മോമോസ്. ഉള്ളിൽ നിറയ്ക്കുന്ന സ്റ്റഫിങ്ങുകളാണ് മോമോസിനെ വ്യത്യസ്തമാക്കുന്നത്. വ്യത്യസ്ത രീതികളിൽ തയ്യാർ ചെയ്തെടുക്കുന്ന മോമോസുകളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയകളിലൂടെ കണ്ടിട്ടുണ്ടാകും. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൺഗ്ലാസിൽ തയ്യാർ ചെയ്തെടുക്കുന്ന മോമോസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കാപ്സിക്കം, ചോളം, ഉള്ളി, സോസുകൾ എന്നിവ ചേർത്ത് മസാല തയ്യാറാക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണാൻ കഴിയുക. ഈ കൂട്ടിലേക്ക് മോമോസ് ഇട്ട് നന്നായി ഇളക്കിച്ചേർത്തശേഷം മൺഗ്ലാസിൽ ഇട്ട് അതിനുമുകളിൽ നന്നായി ചീസ് ചേർക്കുന്നു. അതിനുശേഷം മൺഗ്ലാസോടെ മോമോസ് കൂട്ട് ഓവനിൽ വെച്ച് ബേക്ക് ചെയ്ത് എടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. പെയ്ഡിഷി ഫൂഡീ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ രണ്ടു ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.
അതേസമയം, തങ്ങളുടെ പ്രിയപ്പെട്ട വിഭവം മൺഗ്ലാസിലാക്കി ബേക്ക് ചെയ്ത രീതിയോട് ചിലർ നിരാശയാണ് പ്രകടിപ്പിച്ചത്. ഇത് അൽപം കടന്ന കൈ ആയിപ്പോയെന്നും ഇതൊരു വിവേകശൂന്യമായ പ്രവർത്തിയായിപ്പൊയെന്നും ഒട്ടേറെപ്പേർ കമന്റ് ചെയ്തു.
Content highlights: momos made in Kulhad variety momos viral video