ദാഹമകറ്റുന്നതിനു പുറമെ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ശീതളപാനീയങ്ങൾ ശീലമാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന, ദിവസം മുഴവൻ ഉന്മേഷം പകരുന്ന ഏതാനും പ്രകൃതിദത്ത പാനീയങ്ങൾ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷണിസ്റ്റായ ലവ്നീത് ബത്ര. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരോഗ്യപ്രദമായ ഈ പാനീയങ്ങളെ അവർ പരിചയപ്പെടുത്തിയത്.
തേങ്ങാവെള്ളം
തന്റെ ചർമ്മത്തിന്റെ തിളക്കത്തിന്റെ രഹസ്യം തേങ്ങാ വെള്ളമാണെന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് നടി മാധുരി ദീക്ഷിത് വെളിപ്പെടുത്തിയിരുന്നു. ആഹാരക്രമത്തിൽ ദിവസവും തേങ്ങാവെള്ളം ഉൾപ്പെടുത്താൻ പരമാവധി ശ്രദ്ധിക്കാറുണ്ടെന്ന് അവർ പറഞ്ഞിരുന്നു. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണ് തേങ്ങാവെള്ളം. ഉന്മേഷം പകരുന്ന ധാതുക്കൾ തേങ്ങാവെള്ളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായി തന്നെ മധുരവും പത്ത് മടങ്ങിലധികം പൊട്ടാസ്യവും തേങ്ങാവെള്ളത്തിൽ ഉണ്ട്.
കൊംബുച്ച ടീ
പുളിപ്പിക്കൽ പ്രക്രിയയിലൂടെ തയ്യാർ ചെയ്തെടുക്കുന്ന പാനീയമാണ് കൊംബുച്ച. ബി വിറ്റാമിനുകൾ, ഗ്ലൂകുറോണിക് ആസിഡ്(ശരീരത്തിലെ വിഷപദാർത്ഥങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നത്), ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ പോളിഫിനോൾ എന്നിവ അടങ്ങിയതാണ് കൊംബുച്ച. ഗ്രീൻ ടീയുടെ ഒപ്പമോ ബ്ലാക്ക് ടീയുടെ ഒപ്പമോ പഞ്ചസാരയും യീസ്റ്റും ബാക്ടീരിയയും ചേർത്ത് പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ് ഈ വിശിഷ്ട പാനീയം തയ്യാറാക്കുന്നത്.
ജൽജീര
ചെറിയ പുളി രുചിയോട് കൂടിയ ജൽജീര ദിവസം മുഴുവൻ ഉണർവ് പ്രദാനം ചെയ്യുന്ന പാനീയമാണ്. ദഹനത്തിന് ഏറെ സഹായിക്കുന്ന ഈ ഇന്ത്യൻ പാനീയം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകകൾ വയറുവേദനയുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. ജീരകം, ഇഞ്ചി, കുരുമുളക്, പുതിന, മുളക് എന്നിവയോടൊപ്പം ഏതെങ്കിലും പഴത്തിന്റെ ഫ്ളേവറും ചേർത്താണ് ജൽജീര പൊടി തയ്യാറാക്കുന്നത്. ഇതിനൊപ്പം നാരങ്ങാ നീരും ചേർത്താണ് ജൽജീര പാനീയം തയ്യാറാക്കുന്നത്.
കരിമ്പ് ജ്യൂസ്
അയൺ, പ്രോട്ടീൻ, പൊട്ടാസ്യം തുടങ്ങി എന്നിവയുടെ കലവറയാണ് കരിമ്പ് ജ്യൂസ്. നിർജലീകരണം തടയാനും ക്ഷീണമകറ്റാനും കരിമ്പ് ജ്യൂസ് ഉത്തമമാണ്.
സട്ടു
പാവപ്പെട്ടവന്റെ പ്രോട്ടീൻ എന്നറിയപ്പെടുന്ന സട്ടുവിൽ അയൺ, മഗ്നീഷ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉന്മേഷം പകരുന്നതിനൊപ്പം ശരീരത്തെ തണുപ്പിക്കാനും ഈ പാനീയം സഹായിക്കുന്നു. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്നു. കടലപ്പൊടിയിൽ വെള്ളവും ബ്ലാക്ക് സാൾട്ടും ചേർത്താണ് സട്ടു തയ്യാറാക്കുന്നത്.
Content highlights: healthy beverages, beverages for boost energy level