മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആർഎസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിക്ക് കിട്ടിയതുകൊണ്ടാണ്. ലഹരി കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാ സംഘമാണ് കൊലയ്ക്കു പിന്നിൽ. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിനെ കോടിയേരി വെല്ലുവിളിക്കുകയാണ്. സിപിഎം പോലീസിനെ സമ്മർദ്ദത്തിലാക്കുകയാണ്. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ ഡിവൈഎഫ്ഐ നേതാക്കൾ പീഡിപ്പിച്ച സംഭവം വഴിതിരിച്ചു വിടാനാണ് ശ്രമമെന്നും രമേശ് ആരോപിച്ചു.
ജിഷ്ണു ബിജെപി അംഗമാണോയെന്ന് അറിയില്ലെന്നും കോടിയേരിയുടെ വാർത്താ സമ്മേളനത്തിനു ശേഷമാണ് പോലീസ് നിലപാട് മാറ്റിയതെന്നും രമേശ് ആരോപിച്ചു. വ്യക്തി വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് പോലീസ് പറഞ്ഞത്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ കൊലപാതകത്തിനു പ്രേരിപ്പിച്ചത് രാഷ്ട്രീയ വിരോധമാണെന്നാണ് പറയുന്നത്. സന്ദീപിനെ മാരകായുധം ഉപയോഗിച്ച് കുത്തിയത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് പ്രതികൾ എത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഒന്നാം പ്രതി ജിഷ്ണു രഘുവിന്റെ നേതൃത്വത്തിലെത്തിയ സംഘം സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിൽ പലതവണ കുത്തേറ്റ സന്ദീപ് ആശുപത്രിയിൽ എത്തുമ്പോഴേക്ക് മരണപ്പെട്ടിരുന്നു. തിരുവല്ല മേപ്രാലിലെ വയലിൽ വെച്ചായിരുന്നു സംഭവം. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതികളെ 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘം പിടികൂടി.