വ്യത്യസ്തരീതിയിൽ വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണം നൽകുന്ന വഴിയോരക്കച്ചവടക്കാരുടെ വാർത്തകൾ ദിനം പ്രതി നമ്മൾ മാധ്യമങ്ങളിലൂടെ വായിക്കാറുണ്ട്. ഫുഡ് വ്ളോഗർമാരിലൂടെയാണ് ഇത്തരം കച്ചവടക്കാരുടെ വിവരങ്ങൾ ഭൂരിഭാഗവും പുറം ലോകം അറിയുന്നത്. സ്ട്രീറ്റ്ഫുഡിൽ ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ഗോൽഗപ്പ എന്നറിയപ്പെടുന്ന പാനീപൂരി.
സാധാരണ നമ്മൾ ഓഡർ ചെയ്തതിനുശേഷം പാനീപൂരി തയ്യാർ ചെയ്തു നൽകുകയാണ് പതിവ്. പൂരിയ്ക്കുള്ളിൽ മസാല നിറച്ചതിനുശേഷം മധുരവും എരിവുമുള്ള വെള്ളം നിറച്ചാണ് സാധാരണ ഇത് നമ്മുടെ പ്ലേറ്റിൽ എത്താറ്. എന്നാൽ, ഇതിൽനിന്നും വ്യത്യസ്തമായി പാനീപൂരിക്ക് സ്മാർട്ട് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണ് ഡൽഹിയിൽനിന്നുള്ള എൻജിനീയറായ ഗോവിന്ദ്.
വളരെ എളുപ്പത്തിൽ ചെറിയനടപടിക്രമങ്ങളിലൂടെ ആവശ്യക്കാരന് പാനീപൂരി ലഭ്യമാക്കുന്നവിധത്തിലാണ് ഈ മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യം മെഷീനിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻചെയ്ത് പണം അടയ്ക്കണം. അതിനുശേഷം മെഷീൻ ഓട്ടോമാറ്റിക് ആയി പാക് ചെയ്ത പാനീപൂരി ഉപഭോക്താവിന്റെ കൈകളിലെത്തിക്കും. ഇതിൽ പൂരിയ്ക്ക് പുറമെ ആലൂ മസാലയും പൂരിയ്ക്കുള്ളിൽ നിറയ്ക്കുന്ന വെള്ളം ശേഖരിക്കുന്നതിനുള്ള ഗ്ലാസും ഉണ്ടാകും. നാല് വ്യത്യസ്ത രുചികളിലുള്ള വെള്ളം മെഷീനിൽനിന്ന് എടുക്കാൻ കഴിയും. 20 രൂപയാണ് പാനീപൂരിയുടെ വില.
വിശാൽ എന്ന ഫുഡ് വ്ളോഗറാണ് ഗോവിന്ദിനെയും അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെയും പരിചയപ്പെടുത്തുന്ന വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. ഗോവിന്ദിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സ്ട്രീറ്റ്ഫുഡും ടെക്നോളിയും അടുത്തതലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗോവിന്ദ് എന്ന് വീഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തു.
Content highlights: Pani puri winding mechine, Delhi based engineer invented, Amuzed by social media