ഓര്‍മ്മകളെപ്പോലെ നഗരങ്ങള്‍ക്കും അടരുകളുണ്ട്. സോണിയ റഫീക്കിന്‍റെ നോവല്‍ “പെൺകുട്ടികളുടെ വീട്” ഇത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
നോവലിനുള്ളില്‍ ഒരു നോവല്‍, എഴുത്തുകാരിക്ക് ഉള്ളിൽ ഒരു എഴുത്തുകാരി. ഉറവപൊട്ടാന്‍ കാത്തിരിക്കുന്ന പെട്രോളിയം നിക്ഷേപത്തിന് മുകളില്‍ ദരിദ്രമായ ഒരടര് ദുബായ്. അവിടെ നിന്നും ഒരുപാട് ദൂരെ സമ്പന്നമായ മറ്റൊരു ദുബായ്.
നോവലിലെ പെൺകുട്ടികളുടെ വീട്,
ആണ്. 1950കളിലെ എമിറാത്തി സ്ത്രീകളുടെ സമൂഹത്തിലേക്കുള്ള സംഭാവനകളെ ആഘോഷിക്കുന്ന മ്യൂസിയമാണ് ബൈത് അൽ ബനാത്.
എണ്ണ വിപ്ലവത്തിന് ശേഷമുള്ള അറബ് ലോകത്ത് മലയാളിയായ ആശുപത്രി ജീവനക്കാരി നാസ്സിയ ഹസ്സൻ ബൈത് അൽ ബനാത്ത് സന്ദര്‍ശിക്കുന്നു. അവളവിടെ ചരിത്രത്തില്‍ നിന്ന് മൂന്ന് സ്ത്രീകളെ സങ്കല്‍പ്പിക്കുന്നു. വിവാഹം കഴിക്കാത്ത, പുരുഷന്മാര്‍ രക്ഷിതാക്കളല്ലാത്ത സഹോദരിമാര്‍ — മറിയം, സൊരയ്യ, ഷംസ.
ബൈത് അൽ ബനാത്തിൽ സഹോദരിമാര്‍ താമസിക്കുന്ന കാലത്ത് ദുബായ് ദരിദ്രമാണ്. ഗൾഫ് കടലില്‍ മുത്തു പെറുക്കാന്‍ പോയിരുന്ന അറബികളുടെ പ്രതാപമെല്ലാം അവസാനിച്ചു. ദേരയില്‍ ഒരു മത വിദ്യാലയമേയുള്ളൂ.
പനയോലക്കുടിലുകളില്‍ ജീവിക്കുന്നവരെ നോക്കി ഇന്ത്യക്കാരനായ ഒരു കച്ചവടക്കാരന്‍ ഓര്‍മ്മിപ്പിക്കുന്നു: “ബോംബേയിലെ അപ്പോളൊ റോഡ് ഒന്ന് കാണണം! ഈ കച്ചറ നാട്ടില്‍ ഒരു കാലത്തും അങ്ങനെയുള്ള റോഡുകള്‍ വരാനേ പോകുന്നില്ല”
സ്വന്തം ജീവിതത്തോടൊപ്പം തലയ്ക്കുള്ളിൽ ബൈത്ത് അൽ ബനാത്തിലെ മൂന്ന് സഹോദരിമാരുടെയും ജീവിതം ജീവിക്കുന്ന നാസിയ ഹസ്സന് മുന്നിലേക്ക് സോളമന്‍ സിറിയക് എന്നൊരു യുവാവ് എത്തുകയാണ്. എഴുത്തുകാരനും സിനിമക്കാരനുമായ സോളമന്‍, ആദ്യ മാത്രയില്‍ തന്നെ നാസിയ ഹസ്സനെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
അപ്പോഴെ അവളൊരു ഞാണിന്മേലുള്ള ജീവിതമാണ് ജീവിച്ചിരുന്നത്. പക്വതയില്ലെന്ന് അവള്‍ക്ക് തന്നെ പിന്നീട് തോന്നിയ ഒരുകാലത്ത് ഒരാള്‍ക്കൊപ്പം വീടുവിട്ട്, അയാളുടെ സ്വഭാവം അവള്‍ പ്രതീക്ഷിച്ചതല്ലെന്ന് തിരിച്ചറിഞ്ഞ് ദുബായ്‍യില്‍ ജീവിക്കുകയായിരുന്നു നാസിയ.
സോളമന്‍ പതിയെ അവളുടെ ജീവിതം തന്നെയായി മാറി. അവളെഴുതാന്‍ മടിക്കുന്ന നോവലിന്‍റെ ആദൃശ്യമായ ആത്മാവും. ഉത്തരവാദിത്തങ്ങളെക്കാള്‍ ശരികള്‍ തെരഞ്ഞെടുക്കാനുള്ള ജീവിതത്തിനിടയ്ക്ക് അവള്‍ ഭര്‍ത്താവ് സമദിനെ നഷ്‍ടപ്പെടുത്തി. അവളുടെ കഥാപാത്രങ്ങളുടെ വിശുദ്ധരാകാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി. നാസിയയും മറിയവും സൊരയ്യയും ഷംസയും സോളമനും സാന്ദ്രയും വരുണും എല്ലാം കാലങ്ങള്‍ക്കും അടരുകള്‍ക്കും അതീതമായി ദുബായ് കടലിന് അരികിലൊരു സൂര്യോദയം കാത്തിരിക്കുന്നിടത്ത് നോവല്‍ നാടകീയമായി അവസാനിക്കുന്നു.
ക്രാഫ്റ്റ് ആണ് ഈ നോവലിന്‍റെ ഭംഗി. ഗൾഫിന്‍റെ മുഖച്ഛായ മാറ്റിയ എണ്ണ വ്യാപാരത്തിന് ശേഷം ആ നാടുകളിലേക്ക് എത്തിയ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ മോഹങ്ങളും, ദരിദ്രമായിരുന്ന കാലത്തെ ദുബായ് നഗരത്തിലെ മനുഷ്യരുടെ ജീവിതവും വായനക്കാരെ മുഷിപ്പിക്കാതെ സോണിയ റഫീക്ക് എഴുതുന്നുണ്ട്.
ക്ലീഷെകളാണെന്ന് തോന്നിക്കുന്ന ഒരുപാട് സംഭാഷണങ്ങളെ അവര്‍ പഴയകാലത്തിന്‍റെ ജാമ്യത്തില്‍ വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നു. ബൈത്ത് അൽ ബനാത്തും അതിന്‍റെ തന്നെ തര്‍ജ്ജമയായ പെൺകുട്ടികളുടെ വീടും രണ്ട് വ്യത്യസ്‍ത നോവലുകളായി തന്നെ അവശേഷിക്കുകയാണ്.
സോളമനുമായുള്ള നാസിയയുടെ പ്രണയം വിശുദ്ധമാണ്. പിടിതരാതെ കടന്നുപോകുന്ന ഒരു മനുഷ്യനാണ് സോളമന്‍. കെട്ടുപാടുകളില്‍ പെട്ടുപോകുമെന്ന് കരുതി വഴുതി വഴുതി ജീവിക്കുന്ന ഒരാള്‍. ഏകാകിയായ, പ്രണയിക്കപ്പെടണമെന്ന് ആഗ്രഹിക്കപ്പെടുന്ന ഒരാള്‍ക്ക് കിട്ടുന്ന വഴികാട്ടി പോലെ ഒരാള്‍.
രാത്രികളില്‍ തെരുവുകളിലൂടെ നടക്കാനും ഭക്ഷണം കഴിക്കാനും മദ്യപിക്കാനും സ്വപ്‍നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇത് മറ്റൊരു ലോകമല്ലെന്ന് ഭാവിക്കാനും കഴിയുന്ന ഒരാള്‍. അത്തരം മനുഷ്യര്‍ എല്ലാവരുടെയും ജീവിതങ്ങളില്‍ ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. പിന്നീടൊരു പെര്‍ഫ്യൂമിന്‍റെ മണമായോ ഒരു പ്രത്യേക നേരത്ത് ഒരു ദിശയിലേക്ക് ഒഴുകുന്ന ബസിലെ ഒഴിഞ്ഞ സീറ്റായോ ഓര്‍മ്മിക്കപ്പെടുന്ന ഒരാള്‍.
വേഗത്തില്‍ വായിച്ചു പോകാവുന്ന, അധികം ആഴത്തിലൊന്നും നിങ്ങളെ സ്‍പര്‍ശിക്കാത്ത, സുഖാലസ്യത്തിന്‍റെ ഒരു ചുഴിപോലെ തോന്നിപ്പിക്കുന്ന ഒരു നോവല്‍.
****
(അഭിജിത്ത് വി.എം, സമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസര്‍. അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍ അയക്കാം – abhijith.vm@timesinternet.in)