കാവൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ച് നടൻ പറയുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികൾ എന്നു പറയുകയാണ് സുരേഷ് ഗോപി. നടി നൈല ഉഷയാണ് ഇതുസംബന്ധിച്ച വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പ്രാതൽ കഴിക്കുന്ന സുരേഷ് ഗോപിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന സുരേഷ് ഗോപിയോട് ഭക്ഷണം ഇഷ്ടമായോ എന്ന് നൈല ഉഷ ചോദിക്കുന്നുണ്ട്. അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമല്ലെങ്കിലും രുചികരമാണെന്ന് സുരേഷ് ഗോപി പറയുന്നു.
അപ്പോഴാണ് നൈല ഉഷ താരത്തിന്റെ പ്രിയരുചിയെക്കുറിച്ച് ചോദിക്കുന്നത്. ബ്രേക്ഫാസ്റ്റിന് ഏറ്റവുമിഷ്ടം ഇഡ്ഡലിയും ചമ്മന്തിയും ആണെന്ന് നടൻ പറയുന്നു. ഒപ്പം തൈരും നാരങ്ങാ അച്ചാറും കൂടിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ടെന്നും നടൻ.
വിചിത്രമായ തന്റെ ഫുഡ് കോമ്പിനേഷനെക്കുറിച്ച് വിവരിക്കുന്നുമുണ്ട് സുരേഷ് ഗോപി. ഇഡ്ഡലിയും ചമ്മന്തിയും കുഴച്ചതിലേക്ക് തൈരും നാരങ്ങാ അച്ചാറും കലക്കി ചേർത്ത് കഴിക്കുന്നതാണ് തനിക്കിഷ്ടം എന്നു പറയുകയാണ് താരം. ഇതു തന്നെ ചോറിനൊപ്പവും കഴിക്കാറുണ്ടെന്നും ഷൂട്ടിങ് സെറ്റിൽ പലരെയും താൻ ഇങ്ങനെ ഊട്ടിയിട്ടുണ്ടെന്നും നടൻ പറയുന്നു.
Content Highlights: suresh gopi favourite food, suresh gopi lifestyle, idli chammanthi, idli chammanthi recipe