ആലുവ: മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഎ സുധീറിനെതിരേ വ്യാപക പ്രതിഷേധം. സുധീറിനെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും യുഡിഎഫും സമരം ശക്തമാക്കി. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള സിഐ ബുധനാഴ്ചയുംസ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് രാവിലെ മുതൽ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഉച്ചയായിട്ടുംതുടരുകയാണ്. ബെന്നി ബെഹനാൻ എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എസ്പിയും ഡിഐജിയും പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഐജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവർത്തകർ ഒടിച്ചെടുത്തു.
പ്രതിഷേധം കനത്തതോടെ നേതാക്കളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി വരികയാണ്. പോലീസ് സ്റ്റേഷന്റെ മുറ്റത്തും പുറത്തുമായി കോൺഗ്രസ്, മുസ്ലിംലീഗ് പ്രതിഷേധം നടക്കുന്നുണ്ട്. മഹിളാ മോർച്ച പ്രവർത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.
സിഐയിൽ നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഡിഐജി സ്റ്റേഷനിലെത്തിയതെന്നാണ് വിവരം. വിവരങ്ങൾ ആരാഞ്ഞ ശേഷം ഡിഐജി മാധ്യമങ്ങളെ കണ്ടേക്കും.സിഐ സുധീറിനെ സ്റ്റേഷൻ ചുമതകളിൽ നിന്ന് മാറ്റിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം.