എപ്പോഴും ഒരേ ശൈലിയിലുള്ള വിഭവങ്ങൾ തയ്‌യാറാക്കി മടുത്തോ? എങ്കിൽ വ്യത്യസ്തമായൊരു ഡിഷ് പരീക്ഷിച്ചാലോ? കറിവേപ്പില ചിക്കൻ പുലാവ് തയ്‌യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ചിക്കൻ – 200ഗ്രാം
ജീരകശാല/ബസ്മതി അരി – ഒന്നേകാൽ കപ്പ്
കറിവേപ്പില – 1 കപ്പ്
സവാള – 3
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 8-10 അല്ലി
പച്ചമുളക് – 2 എണ്ണം
നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതി
കറുകപ്പട്ട – 1 ചെറിയ കഷ്ണം
ഏലക്ക – 5 എണ്ണം
ഗ്രാമ്പു – 5 എണ്ണം
പെരുംജീരകം – 2 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
കശുവണ്ടി – 10 എണ്ണം
നെയ്‌യ് – 1 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
തയ്‌യാറാക്കുന്ന വിധം
കറിവേപ്പില ജീരകം പെരുംജീരകം കുരുമുളക് എന്നിവ ചെറുതീയിൽ വറുത്തു, പൊടിച്ചു വെക്കുക. അരി കഴുകി ഊറ്റി വെക്കുക. നെയ്‌യ് ചൂടാക്കി അതിലേക്ക് പട്ട, ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് 2 സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് കൂടെ ചേർത്ത് കൊടുക്കുക. മൂത്ത് വരുമ്പോൾ മഞ്ഞൾപൊടി ചേർക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വഴറ്റുക. കറിവേപ്പില പൊടിയിൽ നിന്നും പകുതി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് യോജിപ്പിച്ച ശേഷം 10 മിനിറ്റ് അടച്ചു വച്ചു ചെറുതീയിൽ വേവിക്കുക. അതിലേക്ക് കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് 2 മിനിറ്റ് വഴറ്റുക. ശേഷം 2 1/2 കപ്പ് തിളച്ച വെള്ളം, പകുതി നാരങ്ങയുടെ നീര് എന്നിവ കൂടി ചേർത്ത് ബാക്കിയുള കറിവേപ്പില പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ഇനി 1 സവാള കശുവണ്ടി അല്പം കറിവേപ്പില എന്നിവ വറുത്തു മുകളിൽ വിതറുക. റൈത്തക്കൊപ്പം വിളമ്പാo.
ഉരുളക്കിഴങ്ങ് റൈത്ത
*ഉരുളക്കിഴങ്ങ് – 1 വലുത്
*തൈര് – 1 കപ്പ്
*ജീരകം വറുത്തു പൊടിച്ചത് – 1/2 ടീസ്പൂൺ
*ചതച്ച വറ്റൽമുളക് – 1/2 ടീസ്പൂൺ
*മല്ലിയില അരിഞ്ഞത് – 1 ടേബിൾസ്പൂൺ
*ഉപ്പ് – പാകത്തിന്
ഉരുളക്കിഴങ്ങ് വേവിച്ചു ചെറുതായി അരിഞ്ഞു വെക്കുക. അതിലേക്ക് മറ്റുള്ള ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ചു എടുക്കുക
Content Highlights: lunch box recipe, chicken pulao, raita recipe for pulao, chicken recipes kerala, lunch box recipe