വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ നീക്കം ചെയ്‌യാനുള്ള സമയപരിധി വർധിപ്പിക്കാൻ പദ്ധതി. ഡിലീറ്റ് മേസേജ് ഫോർ എവരിവൺ ഫീച്ചറിന്റെ സമയപരിധിയാണ് വാട്സാപ്പ് വർധിപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ ഒരു മണിക്കൂർ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാണ് സമയപരിധി ലഭ്യമായിട്ടുള്ളത്. ഇത് ഏഴ് ദിവസം വരെ വർധിപ്പിക്കാനാണ് വാട്സാപ്പിന് പദ്ധതി.
വാട്സാപ്പിൽ ഉപഭോക്താക്കൾ ഏറെ ആഗ്രഹിച്ച് ലഭിച്ച ഫീച്ചറാണ് ഡിലീറ്റ് ഫോർ എവരിവൺ. സന്ദേശങ്ങൾ ആളുമാറി അയച്ചും, പൊതു ഗ്രൂപ്പുകളിൽ സ്വകാര്യ സന്ദേശങ്ങൾ അബദ്ധത്തിൽ അയച്ചും ആളുകൾ നിരന്തരം വെട്ടിലായ സമയത്താണ് ഈ സംവിധാനം വരുന്നത്.
എന്നാൽ ഒരു മണിക്കൂർ സമയ പരിധി കഴിഞ്ഞാൽ പിന്നെ സന്ദേശം നീക്കം ചെയ്‌യാനാവാത്തത് പലപ്പോഴും ആളുകൾക്ക് പ്രയാസമാവുന്നുണ്ട്. ഈ സാഹചര്യത്തിൽ വാട്സാപ്പ് സമയപരിധി വർധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഈ ഫീച്ചർ ഇപ്പോൾ നിർമാണ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ വാട്സാപ്പ് സമയപരിധി സംബന്ധിച്ച് മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. ഫീച്ചറിന്റെ അന്തിമ രൂപം അവതരിപ്പിക്കപ്പെട്ടതിന് ശേഷം മാത്രമേ സന്ദേശങ്ങൾ നീക്കം ചെയ്‌യാനുള്ള സമയപരിധിയിൽ മാറ്റം വരുത്തുമോ എന്ന് പറയാനൊക്കു.
വാട്സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമിൽ പക്ഷെ എപ്പോൾ വേണമെങ്കിലും സന്ദേങ്ങൾ നീക്കം ചെയ്‌യാനാവും. ഈ സംവിധാനം വാട്സാപ്പിന് മുമ്പ് തന്നെ ടെലഗ്രാം ലഭ്യമാക്കിയിരുന്നു. സന്ദേശങ്ങൾ നിശ്ചിത സമയപരിധിയ്‍ക്കുള്ളിൽ നീക്കം ചെയ്‌യപ്പെടുന്ന വാട്സാപ്പിലെ ഡിസപ്പിയറിങ് മേസേജസ് ഫീച്ചറും മുമ്പ് ടെലഗ്രാമിൽ സെൽഫ് ഡിസ്ട്രക്ഷൻ മെസേജ് എന്നപേരിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.
സന്ദേശങ്ങൾ നീക്കം ചെയ്‌യാൻ ഏഴ് ദിവസത്തെ സമയപരിധി എന്നതിനേക്കാൾ എപ്പോൾ വേണമെങ്കിലും സന്ദേശങ്ങൾ നീക്കം ചെയ്‌യാൻ സാധിക്കുന്ന സംവിധാനമാണ് മികച്ചത്. ഇക്കാര്യത്തിലും വാട്സാപ്പ് ടെലഗ്രാമിനെ അനുകരിക്കുമോ എന്ന് പറയാനാവില്ല.
സന്ദേശം മാത്രമല്ല ചാറ്റ് തന്നെ എല്ലാവരിൽ നിന്നും നീക്കം ചെയ്‌യാനുള്ള സൗകര്യം ടെലഗ്രാം ഏറെ നാളുകളായി ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി സ്വീകർത്താവിന്റെ ഫോണിൽ നിന്നും നമ്മളുമായുള്ള ചാറ്റ് പൂർണമായും നീക്കം സാധിക്കും.
അതേസമയം ശബ്ദസന്ദേശങ്ങൾ വ്യത്യസ്ത വേഗത്തിൽ പ്ലേ ചെയ്‌യാൻ സാധിക്കുന്ന സൗകര്യവും വാട്സാപ്പ് പരീക്ഷിച്ചുവരികയാണ്.
Content Highlights: Whatsapp, Telegram, Delete for everyone