വളരെ എളുപ്പത്തിലും വേഗത്തിലും പാചകം ചെയ്ത് വിശപ്പടക്കാൻ കഴിയുമെന്നതാണ് ന്യൂഡിൽസിനെ പ്രിയപ്പെട്ടതാക്കുന്നത്. പലതരത്തിലുള്ള ചേരുവകകൾ ചേർത്ത് ന്യൂഡിൽസ് തയ്‌യാറാക്കുന്ന വീഡിയോ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സങ്കൽപ്പിക്കാൻ കഴിയാത്ത ചേരുവകകൾ ചേർത്തുണ്ടാക്കിയ ന്യൂഡിൽസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൂൾഡ് ഡ്രിങ്കായ ഫാന്റയിലാണ് മാഗി ന്യൂഡിൽസ് തയ്‌യാർ ചെയ്തെടുക്കുന്നത്.
ന്യൂഡൽഹിയിലെ ഗാസിയാബാദിലെ വഴിയോര കച്ചവടക്കാരനാണ് ഈ വെറൈറ്റി വിഭവം വിൽക്കുന്നത്. ഫൂഡി ഇൻകാർനേറ്റ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
അമർ സിരോഹി എന്ന ഫുഡ് വ്ളോഗറാണ് ഫാന്റ മാഗിയെ പരിചയപ്പെടുത്തിരിയിക്കുന്നത്. വ്യത്യസ്ത വിഭവത്തെക്കുറിച്ച് അമർ വിവരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പാനിൽ നെയ്‌യൊഴിച്ച് ചൂടാക്കിയശേഷം ഇതിലേക്ക് സവാള, ക്യാപ്സിക്കം, പച്ചമുളക്, തക്കാളി എന്നിവ ഇട്ട് വഴറ്റിയെടുക്കും. ഇതിലേക്ക് ഒരുകുപ്പി ഫാന്റ ഒഴിച്ച് ന്യൂഡിൽസ് ഇതിലേക്ക് ചേർക്കും. വെള്ളത്തിനു പകരം ഫാന്റയിലാണ് ന്യൂഡിൽസ് വേവിച്ചെടുക്കുന്നത്. ഇങ്ങനെ വേവിച്ചെടുക്കുന്ന ന്യൂഡിൽസിലേക്ക് മസാല, ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേർത്ത് ഒന്നുകൂടി വേവിക്കും. അവസാനമായി ചാട്ട് മസാലയും നാരങ്ങാ നീരും കൂടി ചേർത്താണ് ഉപഭോക്താവിന് കൊടുക്കുന്നത്.
ഒരു ലക്ഷത്തിൽ അധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 12,000-ൽ കൂടുതൽ ആളുകൾ വീഡിയോ ലൈക്ക് ചെയ്‌യുകയും ചെയ്തു. രസകരമായ രീതിയിലാണ് വീഡിയോ കണ്ടവർ പ്രതികരിച്ചത്. മാഗി ന്യൂഡിൽസ് ഒരിക്കലും പഴയപോലെ ആവില്ല എന്നും, മധുരമുള്ള മാഗി ന്യൂഡിൽസ് തയ്‌യാറാക്കാൻ കഴിയുമെന്നും മുളകുപൊടിയും തേനും ചേർത്ത ന്യൂഡിൽസ് തയ്‌യാറാക്കിയിട്ടുണ്ടെന്നും ചിലർ കമന്റു ചെയ്തു.
Content highlights: noodles made in cold drinks, video went viral, youtube video