വലുപ്പം കൊണ്ടും ഭാരക്കൂടുതൽ കൊണ്ടും നമ്മെ അമ്പരിപ്പിച്ച ഒട്ടേറെ വസ്തുക്കളുണ്ടാകാം. അസാധാരണമായ വലുപ്പം കൊണ്ട് ലോകറെക്കോഡിട്ട പച്ചക്കറികളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോഡ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ തങ്ങളുടെ കൃഷിയിടത്തിൽ വിളയിച്ചെടുത്ത ഫലങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുക. ഒന്നര മീറ്റർ നീളമുള്ള വെളുത്തുള്ളിച്ചെടി, 50കിലോയോളം ഭാരമുള്ള മത്തങ്ങയടക്കം മത്സരത്തിൽ പങ്കെടുത്തവയെല്ലാം ഭീമാകാരന്മാർ തന്നെ.
11 മിനിറ്റ് നീളുന്ന വീഡിയോ ഇതുവരെ ഒരു ലക്ഷത്തിൽ പരം ആളുകളാണ് കണ്ടത്. ഇത് സൗന്ദര്യമത്സരമല്ലെന്നും ഇവിടെ വലുപ്പത്തിനാണ് കാര്യമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
യു.കെ.യിലെ മാൽവേണിൽ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറികളുടെ മത്സരത്തിൽ പങ്കെടുത്ത പച്ചക്കറികളാണ് വീഡിയോയിൽ ഉള്ളത്. പ്രശസ്തരായ കർഷകർ ഇത്തരത്തിലുള്ള ഭീമൻ വിളകൾ വിളയിച്ചെടുക്കുന്നതിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ വിവരിക്കുന്നുമുണ്ട്.
റാഡിഷ്, കാരറ്റ്, ഉരുളക്കിഴങ്ങ്, സവാള, പയർ എന്നിവയാണ് മത്സരത്തിൽ വലുപ്പം കൊണ്ട് വിസ്മയിപ്പിച്ചത്.
Content highlights: worlds biggest vegetables guinness world records competition