കോഴിക്കോട്: വിൽപ്പനയ്ക്കെത്തുന്ന മുട്ടകളിൽ സ്യൂഡോമോണസ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തുന്നത് അപൂർവമായാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം. വേഗത്തിൽ വിൽപ്പന നടന്നുപോകുന്നതിനാൽ മുട്ടകൾ അധികം കാലപ്പഴക്കത്തിൽ സൂക്ഷിക്കാറില്ല. കൂടുതൽ കാലം സൂക്ഷിക്കുന്ന മുട്ടകൾ കേടാവുകയും ഇത്തരം സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ഇവയിൽ കണ്ടെത്താമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു.
കഴിഞ്ഞദിവസമാണ് സ്കൂളിൽനിന്ന് വിദ്യാർഥികൾക്ക് കഴിക്കാനായി നൽകിയ പുഴുങ്ങിയ മുട്ടയിൽ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന സ്യൂഡോമോണസ് സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെയും കുന്ദമംഗലം ഫുഡ്സേഫ്റ്റി ഓഫീസർ ഡോ. രഞ്ജിത് പി. ഗോപിയുടെയും ഇടപെടലാണ് കുട്ടികളെ ഭക്ഷ്യവിഷബാധയിൽനിന്ന് രക്ഷിച്ചത്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുമ്പോൾ അതീവ ശ്രദ്ധവേണമെന്നാണ് ഡോ. രഞ്ജിത്ത് പി. ഗോപി പറയുന്നത്. പഴകിയതോ കേടായതോ ആയ ഭക്ഷണസാധനങ്ങൾ പാചകം ചെയ്യരുത്. കേടായഭാഗം മാറ്റിവെച്ച് ബാക്കിയുള്ളവ പാചകം ചെയ്യാമെന്ന രീതി ഒരിക്കലും സ്വീകരിക്കരുത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാമുകളിൽനിന്നാണ് സ്യൂഡോമോണസ് പോലെയുള്ള സൂക്ഷാണുക്കളുടെ സാന്നിധ്യം മുട്ടകളിലെത്തുന്നത്. ഇത്തരം സൂക്ഷ്മാണുക്കൾ മൃഗങ്ങളിൽ പലതരം അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ മൃഗങ്ങളുടെ വിസർജ്യങ്ങൾ മണ്ണിലെത്തും. ഇത് മണ്ണിലൂടെ മുട്ടകളിലേക്കും പകരാം. മുട്ടയുടെ തോടിൽ ധാരാളം സുഷിരങ്ങളുണ്ട്. കൂടാതെ മുട്ടത്തോടിലുണ്ടാകുന്ന നേരിയ വിള്ളലുകളും സൂക്ഷ്മാണുക്കൾ അകത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. മുട്ടയിലെ വെള്ളയും മഞ്ഞക്കരുവും ഇത്തരം സൂക്ഷ്മാണുക്കൾ വളരാനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ്.
സ്യൂഡോമോണസിലെ പിങ്ക്റോട്ട് കണ്ടീഷനാണ് സ്കൂളിലെ മുട്ടകളിൽ കണ്ടെത്തിയത്. കൂടുതൽ അളവിൽ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടാകുമ്പോഴാണ് ഇത് നേത്രങ്ങൾകൊണ്ട് കാണാവുന്ന രീതിയിൽ പ്രകടമാകുന്നത്. മുട്ട ചൂടാക്കുന്നത് കൃത്യമായ രീതിയിലല്ലെങ്കിൽ സൂക്ഷ്മാണുക്കൾ നശിച്ചുപോകില്ല. മുട്ടയുടെ പുറംതോടിലും അകത്തേക്കും ഒരേരീതിയിൽ താപനില എത്തി തിളച്ച് പാകമാകണം. അല്ലെങ്കിൽ സൂക്ഷ്മാണുക്കൾ വളരാനുള്ള സാധ്യത കൂടുതലാണ്. മുട്ട പൊട്ടിച്ചാൽ മാത്രമേ കേടായിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ.
ചിലപ്പോൾ പൂപ്പലുകൾ പുറംതോടിൽ കാണാൻ സാധിക്കും. കൂടുതൽ മുട്ട ഒരുമിച്ച് പുഴുങ്ങുമ്പോൾ കൃത്യമായ രീതിയിൽ താപനില എത്താതിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൂടുതൽ സമയമെടുത്ത് മുട്ട വേവിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൽനിന്ന് ശേഖരിച്ച മുട്ടയുടെ സാംപിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.
പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികൾ 1800 425 1125 ടോൾഫ്രീ നമ്പറിൽ അറിയിക്കാം.
Content Highlights: Pseudomonas bacteria in boiled egg