ചിക്കനും വെളുത്തുള്ളിയും പ്രധാന ചേരുവകളായ ചൈനീസ് സ്റ്റൈൽ ചിക്കൻ ഗാർലിക് ഫ്രൈഡ് റൈസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- വേവിച്ച കൈമ ചോറ് -2 കപ്പ്
- ചിക്കൻ(എല്ലില്ലാത്തത്) -250 ഗ്രാം
- വെളുത്തുള്ളി -12 അല്ലി
- സവാള(അരിഞ്ഞത്) -ഒരെണ്ണം
- ഒലിവ് ഓയിൽ -3 ടേബിൾ സ്പൂൺ
- ഗ്രാംപൂ -4 എണ്ണം
- കുരുമുളക് -അര ടീസ്പൂൺ
- പച്ചമുളക് -3 എണ്ണം
- സോയാ സോസ് -2 ടേബിൾ സ്പൂൺ
- വിനാഗിരി -ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി(വറുത്തെടുക്കുന്നതിന്)-11 അല്ലി
തയ്യാറാക്കുന്ന വിധം
അടുപ്പിൽ പാൻ വെച്ച് നന്നായി ചൂടായി കഴിയുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കാം. ഓയിൽ ചൂടായി കഴിഞ്ഞാൽ അരിഞ്ഞുവെച്ച വെളുത്തുള്ളി അതിലേക്ക് ഇടുക. നല്ല ബ്രൗൺ നിറമാകുന്നമാകുന്നതോടെ
സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മൂന്നു മുതൽ നാലുമിനിറ്റുവരെ വേവിച്ചെടുക്കുക.
ചിക്കൻ വെന്ത ശേഷം ഇതിലേക്ക് ഉപ്പ്, പച്ചമുളക്, കുരുമുളക്, സോയാ സോസ്, വിനാഗിരി എന്നിവ ചേർക്കുക. ഇവയെല്ലാം നന്നായി കൂട്ടിയോജിപ്പിച്ചശേഷം ഒരുമിനിറ്റ് നേരം ഇളക്കുക. അതിനുശേഷം ചോറു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
മറ്റൊരു പാനിൽ ഒലിവ് എണ്ണ ഒഴിച്ച് ചൂടായ ശേഷം ബാക്കിയുള്ള വെളുത്തുള്ളി ചേർത്ത് നല്ല ബ്രൗൺനിറമാകുന്നതുവരെ ഇളക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച ഫ്രൈഡ് റൈസിനു മുകളിൽ ഒഴിക്കുക. ചൂടാറുന്നതിന് മുമ്പ് വിളമ്പാം.
Content highlights: Chinese style chicken garlic fried rice