ഭക്ഷണ പ്രേമികൾക്ക് നുസ്രെത് ഗോക്ചെ എന്ന ഷെഫിനെ ഏറ്റവുമധികം പരിചയം സാൾട്ട് ബേ എന്ന പേരിലായിരിക്കും. കക്ഷിയുടെ പ്രത്യേകരീതിയിലുള്ള ഇറച്ചിമുറിക്കലിനും ഉപ്പു വിതറലിനുമൊക്കെ ആരാധകർ ഏറെയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും നുസ്രെത് റെസ്റ്ററൻ്റുകളും ഒരുക്കിയിട്ടുണ്ട്. എന്നാൽ അവയിലെല്ലാം വില കൂടുതലാണെന്ന പരാതിയും ഉയർന്നിരുന്നു. ഇപ്പോഴിതാ നുസ്രെതിന്റെ റെസ്റ്ററന്റിലെ പ്രധാനവിഭവം വിലക്കുറവിൽ ഒരുക്കി അവതരിപ്പിച്ചിരിക്കുകയാണ് മറ്റൊരു ഷെഫ്.
റെസ്റ്ററന്റിലെ സ്റ്റീക്കിന്റെ വില ബില്ല് സഹിതമാണ് അടുത്തിടെ വൈറലായിരുന്നത്. അറുപത്തി ആറായിരത്തോളമായിരുന്നു സ്റ്റീക്കിന്റെ വില. ഇത്രരൂപ കൊടുത്ത് സ്റ്റീക് വാങ്ങി കഴിക്കേണ്ടതുണ്ടോ എന്ന രീതിയിൽ ചർച്ചകളും ഉയർന്നികുന്നു. ഈ സാഹചര്യത്തിലാണ് അതേ സ്റ്റീക് അതിനേക്കാൾ പതിന്മടങ്ങ് വിലക്കുറവിൽ മറ്റൊരു ഷെഫ് അവതരിപ്പിച്ചത്. ബിർമിങ്ങാമിൽ നിന്നുള്ള ജോർജ് റൻഹാം എന്ന ഷെഫാണ് ഈ സ്റ്റീക്കിന് പിന്നിൽ. ജോർജ് തയ്യാറാക്കിയ സ്റ്റീക്കിന്റെ വില ആയിരത്തി എഴുനൂറ് രൂപയാണ്.
റ്റൊമാഹോക് സ്റ്റീകിന്റെ ബജറ്റ് പതിപ്പ് അവതരിപ്പിക്കുന്നു എന്നു പറഞ്ഞാണ് ജോർജ് ചിത്രം പങ്കുവച്ചത്. സ്റ്റീക്കിനായി തനിക്ക് 1019 രൂപയും ഗോൾഡ് ലീഫിനായി എഴുനൂറിനടുത്തുമാണ് ചെലവായതെന്ന് ജോർജ് കുറിച്ചു. നല്ല ഭക്ഷണത്തിന് കൂടുതൽ വില കൊടുക്കുന്നതിൽ തനിക്ക് മടിയില്ലെന്നും എന്നാൽ സ്റ്റീക്കിനു വേണ്ടി അറുപത്തിആറായിരം കൊടുക്കുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് ജോർജ് ചിത്രസഹിതം കുറിച്ചത്. പണം കൂടുതൽ ചെലവഴിച്ചാലും അതിനനുസരിച്ച് മൂല്യമുള്ള ഭക്ഷണം സാൾട്ട് ബേയിൽ കിട്ടുന്നില്ലെന്നും ജോർജ് കുറിച്ചു.
അടുത്തിടെയാണ് നുസ്രെതിന്റെ ഇംഗ്ലണ്ടിൽ പുതുതായി തുടങ്ങിയ റെസ്റ്ററന്റ് അമിതബില്ല് ഈടാക്കുന്നതിന്റെ പേരിൽ വാർത്തയിൽ നിറഞ്ഞത്. താൻ വാങ്ങിച്ച ഭക്ഷണത്തിന്റെ വില കേട്ട് ഞെട്ടിയ യുവാവാണ് സംഗതി പങ്കുവച്ചത്. മൊത്തം 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ് പല സാധനങ്ങൾക്കായി ഇയാൾക്ക് ചെലവായത്. ഓരോ സാധനങ്ങളുടേയും പ്രത്യേകം വിലയും ബില്ലിൽ കാണാം.
ഒരു കോളയുടെ വില തൊള്ളായിരമാണ്. സ്റ്റീക്കിന്റെ വില അറുപത്തി ആറായിരം. ഗോൾഡൻ ബർഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോൺസ് റോളിന് ആറായിരം രൂപയുമൊക്കെയാണ് വില. ഒരു ഭക്ഷണത്തിനു വേണ്ടി ഇത്ര പൈസ കൊടുക്കുന്നതിലും ഭേദം ആ പണം അവധിക്കാലത്തിനു വേണ്ടി ചെലവഴിക്കുന്നതാണെന്നാണ് ചിത്രത്തിന് കീഴെ പലരും കമന്റ് ചെയ്തത്.
ലണ്ടനിലേതുകൂടാതെ അങ്കാര, ഇസ്താംബുൾ, മിയാമി, ന്യൂയോർക്ക്, ബോസ്റ്റൺ, ഡാളസ്, ബെവെർലി ഹിൽസ്, അബുദാബി, ദുബായ് തുടങ്ങിയ ഇടങ്ങളിലും നുസ്രെതിന് റെസ്റ്ററന്റുകളുണ്ട്.
നിരവധി ബോളിവുഡ് ഹോളിവുഡ് താരങ്ങളും നുസ്രെതിന്റെ റെസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കാറുണ്ട്. ഫുട്ബോൾ താരങ്ങളായ മെസ്സിയും മറഡോണയുമൊക്കെ നുസ്രെതിന്റെ റെസ്റ്ററന്റിൽ നിന്നുള്ള വീഡിയോകൾ പങ്കുവച്ചിരുന്നു.
Content Highlights: Salt Bae, 66k gold steak, Tomahawk steak by Salt Bae, Nusret Gokce, Turkish chef