തിരുവനന്തപുരം > ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. തടസങ്ങള്‍ എല്ലാം മാറ്റിക്കൊണ്ട് ഉടന്‍ നിര്‍മ്മാണം ആരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആറാമത് ആയുര്‍വേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നുള്ള ആയുഷ് വകുപ്പിന്റെ ശില്പശാല, കുട്ടികള്‍ക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ എസ് എം ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി ആര് രാജു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം എന്‍ വിജയാംബിക, തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയ്, ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിങ് ഓഫീസര്‍ ഡോ. സുനില്‍രാജ്, വനിത ശിശു വികസന വകുപ്പ് അസി. ഡയറക്ടര്‍ സുലക്ഷണ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. രാജു തോമസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. പി ആര് സജി എന്നിവര്‍ പങ്കെടുത്തു.