മറ്റ് ചേരുവകകളൊന്നും ചേർക്കാതെ ഫ്രഷ് ആയ ഓറഞ്ചുകൊണ്ട് തയ്‌യാറാക്കുന്ന ജ്യൂസ് ശരീരത്തിലെ നീർക്കെട്ടുകളെ ഒരു പരിധിവരെ തടയുമെന്ന് പഠനം. നീർവീക്കത്തിനു കാരണമാകുന്ന ഇന്റർല്യൂകിൻ 6 എന്ന ഘടകത്തിന്റെ അളവ് ശരീരത്തിൽ കുറയ്‍ക്കുന്നതിന് ഓറഞ്ച് ജ്യൂസ് സഹായിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനപങ്കുവഹിക്കുന്നതായി പഠനത്തിൽ പറയുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഹെസ്പെരിഡിൻ എന്ന ബയോആക്‍ടീവ് സംയുക്തം നീർക്കെട്ട് കുറയ്‍ക്കാൻ സഹായിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
പഴക്കം ചെന്ന നീർവീക്കം പ്രമേഹം, ഹൃദയസംബന്ധിയായ അസുഖങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കു കാരണമാകുമെന്ന് നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പുതിയ കണ്ടെത്തലിൽ കൂടുതൽ ആഴമേറിയ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഓറഞ്ചു ജ്യൂസുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്താൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നും ഫ്ളോറിഡ ഡിപാർട്മെന്റ് ഓഫ് സിട്രസിലെ ഡയറ്റീഷ്യൻ ഗെയ്ൽ രാംപെർസോദ് പറഞ്ഞു.
തിങ്ക് ഹെൽത്തി ഗ്രൂപ്പ്, ടഫ് യൂണിവേഴ്സിറ്റി, ജോർജ് മാസൺ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.
Content highlights: 100 orange juice can combat chronic inflammation study