ലോക്ഡൗൺ കാലത്ത് ഏറ്റവുമധികം പേർ പരീക്ഷണങ്ങൾ നടത്തിയത് പാചകമേഖലയിലാണ്. അതിൽ തന്നെ കേക്കുകളിൽ വെറൈറ്റി പരീക്ഷിച്ചവരാണ് ഏറെയും. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും മൃഗങ്ങളുടെയുമൊക്കെ രൂപത്തിൽ കേക്കുകൾ ഡിസൈൻ ചെയ്തവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് അത്തരത്തിലൊരു വെറൈറ്റി കേക്കിന്റെ വീഡിയോ ആണ്. സംഗതി പാമ്പിന്റെ രൂപത്തിലുള്ള കേക്കാണ്.
നതാലി സൈഡ്സെർഫ് എന്ന ഷെഫാണ് കൗതുകമുളവാക്കുന്ന ഈ ഡിസൈൻ ഒരുക്കിയത്. മഞ്ഞനിറത്തിലുള്ള പാമ്പിന്റെ രൂപത്തിലാണ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചടിക്കാൻ തയ്‌യാറായി കിടക്കുന്ന പാമ്പാണെന്നേ തോന്നൂ. കത്തികൊണ്ട് നതാലി മുറിക്കാനൊരുങ്ങുമ്പോൾ മാത്രമാണ് പാമ്പാണെന്ന് തിരിച്ചറിയൂ.
കേക്ക് തയ്‌യാറാക്കുന്നതിന്റെ വീഡിയോ നതാലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ചോക്ലേറ്റ്, പിസ്താ ഫ്ളേവർ കൊണ്ട് ബേസ് ഒരുക്കി പാളികളാക്കി വശങ്ങൾക്ക് പാമ്പിന്റെ ആകൃതി നൽകിയാണ് നതാലി ഡിസൈൻ ചെയ്തിരിക്കുന്നത്. കേക്കിന്റെ രൂപത്തിന് മുകളിൽ നെറ്റ് ഉപയോഗിച്ചാണ് ചർമത്തിലെ ഡിസൈനുകൾ ഒരുക്കുന്നത്. ശേഷം മഞ്ഞ നിറം പൂശുന്നു.
ഒന്നരലക്ഷത്തോളം കാഴ്ചക്കാരേയാണ് സ്നേക് കേക്കിന് ലഭിച്ചത്. കാഴ്ചക്കാരെ അൽപം വിറപ്പിക്കുന്നൊരു കേക്ക് എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. സംഗതി അടിപൊളിയായിട്ടുണ്ടെന്നും എന്നാൽ ഭയം മൂലം അടുത്തുപോകാൻ പോലും തോന്നില്ല പിന്നെങ്ങനെ കഴിക്കാനാണ് എന്നാണ് പലരും പറയുന്നത്.
നേരത്തേയും വ്യത്യസ്തമായ കേക്കുകളൊരുക്കി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഷെഫാണ് നതാലി. അടുത്തിടെ നതാലി പങ്കുവച്ച് സെൽഫി കേക്ക് വൈറലായിരുന്നു. സ്വന്തം രൂപം തന്നെയായിരുന്നു സെൽഫി കേക്ക് എന്ന പേരിൽ നതാലി ഡിസൈൻ ചെയ്തത്.
Content Highlights: Viral video of ‘snake cake’