വ്യത്യസ്ത ആകൃതിയിലും രുചിയിലുമെത്തുന്ന വിഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരമൊരു വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
രണ്ടുകിലോ ഭാരമുള്ള, ഉള്ളിൽ പച്ചക്കറിയും ചീസും നിറച്ച മോമോ. ആ മോമോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണം പൂശിയതാണ് ഈ മോമോ.
മുംബൈയിലെ മെസ്സി അദ്ദാ കഫെ ആണ് ഈ സ്പെഷ്യൽ മോമോ ഉണ്ടാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ whatafoodiegirl എന്ന ഫുഡ് ബ്ലോഗറാണ് ഈ മോമോയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്റ്റീൽ പാത്രത്തിൽ വെച്ചിരിക്കുന്ന ഈ ഭീമൻ മോമോയുടെ മുകളിൽ മുറിച്ച കാരറ്റ് കഷണങ്ങൾ വെച്ചിട്ടുണ്ട്. ചോക്കലേറ്റ് നിറച്ച രണ്ട് മോമോയും ചട്ണിയും മയൊണൈസും മിന്റ് ചട്ണിയും സ്പെഷ്യൽ മോമോയ്ക്ക് ഒപ്പമുണ്ട്.
1299 രൂപയാണ് ഇതിന്റെ വില. ഒരു മോമോ ആറു മുതൽ എട്ടുപേർക്ക് വരെ കഴിക്കാനുണ്ട്. 60,000-ൽ അധികം പേരാണ് ഇതുവരെ ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
മോമോയ്ക്ക് സ്വൽപം വില കൂടുതലാണെന്ന് വീഡിയോയ്ക്ക് ചിലർ കമന്റ് ചെയ്തു. അതേസമയം, സാധാരണയുള്ള മോമോയുടെ രുചി ഭീമൻ മോമോയ്ക്ക് കിട്ടുമോയെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Content highlights: this 24 karat gold plated momo has our attention