നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ പോഷകമാണ് പ്രോട്ടീനുകൾ. മാംസം, പാലുത്പന്നങ്ങൾ, പച്ചക്കറികൾ, കടൽ വിഭവങ്ങൾ, നട്സ് എന്നിവയിലെല്ലാം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ശരീരഭാരം വർധിക്കുന്നതിനും എല്ലിന്റെ ബലം കൂട്ടുന്നതിനും പ്രോട്ടീനുള്ള പങ്ക് വളരെ വലുതാണ്. ചിലർ ശരീരഭാരം വർധിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അധികമായി കഴിക്കാറുണ്ട്. എന്നാൽ, അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ശരീരത്തിൽ പ്രോട്ടീൻ അധികമായാൽ ശരീരം ചില മുന്നറിയിപ്പുകൾ നൽകി തുടങ്ങും. അവയിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം
നിർജലീകരണം
അധികം പ്രോട്ടീൻ ശരീരത്തിലെത്തുന്നത് നമ്മുടെ വൃക്കകളുടെ ജോലി ഭാരം വർധിപ്പിക്കും. മൂത്രത്തിലൂടെ അധികമുള്ള പ്രോട്ടീനുകൾ പുന്തള്ളാനാണിത്. ഇത് നിർജലീകരണത്തിന് കാരണമാകും. ശാരീരിക പ്രവർത്തിന് ആവശ്യമായ വെള്ളവും ധാതുക്കളും ലഭിക്കാൻ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ശരീരഭാരം വർധിക്കും
അധികമായി പ്രോട്ടീൻ ശരീരത്തിലെത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കും. ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.
ദുർഗന്ധം നിറഞ്ഞ ശ്വാസം
കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കി പ്രോട്ടീൻ മാത്രമടങ്ങിയ ഭക്ഷണം കഴിക്കുന്ന കീറ്റോഡയറ്റ് പിന്തുടരുന്നവർക്കാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കണമെന്നാണ് ഇതിനുള്ള പോംവഴി.
മാനസിക വ്യതിയാനങ്ങൾ
പ്രോട്ടീൻ അധികമായി കഴിക്കുന്നവരിൽ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളിൽ പറയുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക വ്യതിയാനങ്ങൾ, നെഗറ്റീവ് ചിന്തകൾ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Content highlights: do not ignore these warning signs of protein poisoning