പിസ, ബർഗർ, എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്സ് എന്നിവ ഇന്നത്തെ നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമാണ്. ഇവ അധികമായി കഴിച്ചാൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കറിയാം. സംസ്കരിച്ച ഭക്ഷണങ്ങൾ ശരീരഭാരം കൂടൽ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗാവസ്ഥയ്‍ക്കു കാരണമാകുമെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ഓർമശക്തിയെ ബാധിക്കുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
പ്രായമായ എലികളിൽ നടത്തിയ പഠന റിപ്പോർട്ട് ബ്രെയിൻ, ബിഹേവിയർ, ഇമ്യൂണിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
സംസ്കരിച്ച ഭക്ഷണം നാലാഴ്ചയോളം എലികൾക്കു നൽകിയപ്പോൾ അവരുടെ തലച്ചോറിൽ നീർവീക്കമുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞു. ഇത് എലികളിൽ ഓർമക്കുറവുമായി ബന്ധപ്പെട്ട പെരുമാറ്റരീതിയുണ്ടാക്കിയതായി കണ്ടെത്തി. ഒമേഗ 3 ഫാറ്റി ആസിഡായ ഡി.എച്ച്.എ. അടങ്ങിയ സംസ്കരിച്ച ഭക്ഷണം നൽകിയപ്പോൾ ഇതിൽ കുറവ് വന്നതായും കണ്ടെത്താൻ കഴിഞ്ഞു.
അതേസമയം, പ്രായം കുറഞ്ഞ എലികളിൽ സംസ്കരിച്ച ഭക്ഷണം കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെന്ന് പഠനം വ്യക്തമാക്കുന്നു.
ഈ കണ്ടെത്തലുകൾ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്ന് ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിഹേവിയറൽ മെഡിസിൻ റിസേർച്ചിലെ ഗവേഷകനും അസിസ്റ്റന്റ് പൊഫസറുമായ റൂത്ത് ബാരിയെന്റോസ് പറഞ്ഞു. സംസ്കരിച്ച ഭക്ഷണം ശീലമാക്കുന്നത് പ്രായമായവരിൽ വളരെ വേഗത്തിൽ ഓർമക്കുറവ് സംഭവിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചിലപ്പോൾ അൽഷിമേഴ്സിലേക്ക് വരെ എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഭക്ഷണശൈലിയിൽ സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടതിലേക്കാണ് കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നതെന്നും ഡി.എച്ച്.എ. അടങ്ങിയ സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് പ്രായമായവരിൽ ഓർമക്കുറവ് തടയുകയോ അല്ലെങ്കിൽ അതിന്റെ ഓർമക്കുറവ് പതുക്കെയാക്കുകയോ ചെയ്‌യുമെന്ന് ഡോ. റൂത്ത് പറഞ്ഞു.
Content highlights: pizza chips and other processed foods may affect your memory study reveals