ഊണിനൊപ്പം തൊട്ടുകൂട്ടാൻ ചമ്മന്തി കൂടിയുണ്ടെങ്കിൽ കുശാലാവും. എളുപ്പത്തിലുണ്ടാക്കാവുന്ന നാലു ചമ്മന്തികൾ പരിചയപ്പെടാം.
കുടങ്ങൽ ചമ്മന്തി
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ട് വറ്റൽമുളക് താളിച്ചെടുക്കുക. ഒരു കപ്പ് കുടങ്ങൽ ഇല പച്ചനിറംമാറാതെ വഴറ്റുന്നതിനൊപ്പം രണ്ട് ചുവന്നുള്ളിയും ചേർക്കാം. ശേഷം വറ്റൽ മുളകും വഴറ്റിയ ഇലയും അരക്കപ്പ് തേങ്ങയും ആവശ്യത്തിന് വാളൻപുളിയും ഉപ്പും ചേർത്ത് അരച്ചെടുക്കാം.
വനജ. സി.കെ, ഇരിങ്ങൽ
നാലില ചമ്മന്തി
നാല് നാരകത്തിന്റെ ഇല, ഒരു തണ്ട് കറിവേപ്പില, ഒരുപിടി മല്ലിയില, പുതിനയില, അരമുറി തേങ്ങ, നാല് പച്ചമുളക്, നാലഞ്ച് കുരുമുളക്, ഒരു വെളുത്തുള്ളി, രണ്ട് ചുവന്നുള്ളി, ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിനെ പത്തുകൂട്ടം ചമ്മന്തി എന്നും വിളിക്കാം.
കല്യാണിക്കുട്ടി സി.എം, മലപ്പുറം
പുളിയില ചമ്മന്തി
ഒരുപിടി പുളിയില, ഒരുപിടി ചെറുപയർ മുളപ്പിച്ചത്, ഒരുമുറി തേങ്ങ ചിരകിയത്, അഞ്ചാറ് കാന്താരി, മൂന്ന് ചുവന്നുള്ളി, അൽപം ഉപ്പ് എന്നിവ തരുതരുപ്പായി അരച്ചെടുക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി ഉപയോഗിക്കാം.
വാവമ്മ, തലശ്ശേരി
നാചക്ക ചമ്മന്തി
ചുട്ടെടുത്ത നാല് നാചക്കയും(പൊടിച്ചക്ക) മൂന്ന് വറ്റൽമുളകും ഒരു മുറി തേങ്ങ ചിരകിയത്, ഒരു പച്ചമുളക്, രണ്ട് ചുവന്നുള്ളി, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് തണ്ട് കറിവേപ്പില, ആവശ്യത്തിന് വാളൻപുളി, ഉപ്പ് എന്നിവ അരച്ചെടുത്ത് വിളമ്പാം
ജഗദംബിക, അങ്കമാലി
മാങ്ങാഇഞ്ചി ചമ്മന്തി
അരമുറി തേങ്ങ ചിരകിയത്, രണ്ട് ചുവന്നുള്ളി, അഞ്ച് വറ്റൽ മുളക്, രണ്ട് വലിയ കഷ്ണം മാങ്ങാ ഇഞ്ചി, അൽപം വാളൻ പുളി, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിച്ചതിലേക്ക് അരച്ചുവെച്ച ചമ്മന്തി ചേർക്കാം.
ബിന്ദു ഷാജൻ, മാമല
Content Highlights: chammanthi recipe malayalam