കോവിഡ് 19-ന്റെ വ്യാപനം മൂലം കഴിഞ്ഞ ഒന്നരവർഷത്തോളമായി ഉത്സാവാഘോഷങ്ങൾ പരിമിതമായാണ് നമ്മൾ ആഘോഷിക്കുന്നത്. മലബാറിന്റെ സ്വന്തം കലാരൂപമാണ് തെയ്യം. കണ്ണൂരുകാരനായ ഡാവിഞ്ചി സുരേഷ് ബിസ്കറ്റിൽ തീർത്ത തെയ്യക്കോലമാണ് സാമൂഹികമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നത്.
ബിസ്കറ്റും ബേക്കറി പലഹാരങ്ങളുമുപയോഗിച്ചാണ് സുരേഷ് 24 അടി വലുപ്പമുള്ള തെയ്യത്തിന്റെ രൂപം ഉണ്ടാക്കിയത്. സുരേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കലാവിരുതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും വ്യത്യസ്തമായ വസ്തുക്കളുപയോഗിച്ച് പല രൂപങ്ങളും സുരേഷ് സൃഷ്ടിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
കണ്ണൂരിലുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയിലെ ഷെഫ് റാഷിദ് മുഹമ്മദിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഈ രൂപമുണ്ടാക്കിയത്. ഏകദേശം 15 മണിക്കൂറെടുത്താണ് ഇത് പൂർത്തിയാക്കിയത്.
ഹാളിനുള്ളിൽ ടേബിളുകൾ നിരത്തി അതിനു മുകളിൽ തുണി വിരിച്ച് ബിസ്കറ്റുകൾ നിരത്തുകയായിരുന്നു. വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള 25,000 ബിസ്കറ്റുകളാണ് ചിത്രപ്പണി തയ്യാറാക്കാൻ ഉപയോഗിച്ചതെന്ന് സുരേഷ് വ്യക്തമാക്കി. നിർമാണ ശേഷം ഈ ഉത്പന്നങ്ങളെല്ലാം ബയോ ഡീ ഗ്രേഡ് ചെയ്യാൻ കണ്ണൂരിലെ വെറ്റിനറി ഫാമിലേക്ക് കൈമാറിയതായി സുരേഷ് കൂട്ടിച്ചേർത്തു.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ രൂപം സ്വർണത്തിലും ശ്രീനാരായണഗുരുവിന്റെ രൂപം പൂക്കളുപയോഗിച്ചും സുരേഷ് തീർത്തത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുണിയുടെ മാസ്ക് ഉപയോഗിച്ച് ബോളിവുഡ് നടൻ അമിതാബ് ബച്ചന്റെ രൂപവും സുരേഷ് തീർത്തിരുന്നു.
Content highlights: kerala artist creates 24 foot theyyam mascot with 25000 biscuits