രോഗിയായ അമ്മയ്‍ക്കുവേണ്ടി വഴിയരികിൽ പഴങ്ങൾ വിൽക്കുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് സമാനരീതിയിലുള്ള ഒരാളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാഴ്ച ശക്തി ഇല്ലാത്ത, എന്നാൽ ഏറെ പ്രായം ചെന്ന വ്യക്തിയാണ് ജീവിക്കാൻ വേണ്ടി വഴിയോരകച്ചവടം നടത്തുന്നത്. വാഴയ്‍ക്ക കൊണ്ടുള്ള ചിപ്സ് ഉണ്ടാക്കി വിറ്റാണ് ഇയാൾ ഉപജീവനമാർഗം തേടുന്നത്.
നിങ്ങൾക്കറിയാവുന്ന ആരെങ്കിലും നാസിക്കിലുണ്ടെങ്കിൽ ഈ പ്രായം ചെന്ന ആളുടെ പക്കൽനിന്ന് വാഴയ്‍ക്കാ ചിപ്സ് വാങ്ങാൻ പറയൂ. നമ്മളെല്ലാവരും ചേർന്ന് നിന്ന് സഹായിച്ചാൽ അദ്ദേഹത്തിന്റെ കാഴ്ച ശക്തി തിരികെ കൊണ്ടുവരാം-വീഡിയോ പങ്കുവെച്ചു കൊണ്ട് ഫുഡ് ബ്ളോഗറായ ശങ്കർ ഖെമാനി പറഞ്ഞു.
13 ലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 8.05 ലക്ഷം പേർ വീഡിയോയ്‍ക്ക് ലൈക്കുകൾ നൽകി.
നിലത്തുകൂട്ടിയ അടുപ്പിന് സമീപമിരുന്നാണ് പ്രായം ചെന്ന ഇയാൾ വാഴയ്‍ക്ക അരിയുന്നത്. അതിനുശേഷം തിളയ്‍ക്കുന്ന എണ്ണയിലേക്ക് വാഴയ്‍ക്ക അരിഞ്ഞതിട്ട് ഉപ്പും തളിച്ച് വറത്തുകോരിയെടുക്കുന്നു. ഇങ്ങനെ വറുത്തുകോരിയെടുക്കുന്ന ചിപ്സിൽ മുളക് പൊടി പുരട്ടി പ്ലാസ്റ്റിക് കൂട്ടിലാക്കി സഹായിക്കുന്നത് ഒരാൾ കൂടിയുണ്ട്.
നിരവധിപേരാണ് ഇയാളുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെയെന്നും ഒരാൾ കമന്റു ചെയ്തു. ചിപ്സ് ഉണ്ടാക്കുന്നതിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും മറ്റൊരാൾ കമന്റു ചെയ്തിട്ടുണ്ട്.
Content highlights: watch video of visually impaired man selling banana chips goes viral