കേരളത്തിന്റെ സിവിൽ സർവീസ് കെ.എ.എസിന്റെ സ്ട്രീം ഒന്നിൽ രണ്ടാം റാങ്ക് നേടിയതിൽ ഭയങ്കര സന്തോഷമുണ്ടെന്ന് നന്ദന എസ്. പിള്ള. ലിസ്റ്റിൽ പേരുണ്ടാവണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. ഭയങ്കര കോംപറ്റിറ്റീവ് ആയ എക്സാം ആയിരുന്നതിനാൽ റാങ്കൊന്നും ആഗ്രഹിച്ചിരുന്നില്ല. രണ്ടാം റാങ്ക് എന്ന് കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് നന്ദന മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.
2017 മുതൽ സിവിൽ സർവീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ ഇതുവരെ ഫലം കിട്ടിയിട്ടില്ല. അതിന്റെ ഒരു സ്ട്രഗിളിനിടെയാണ് കെ.എ.എസിനു വേണ്ടി പഠിച്ചു തുടങ്ങിയത്. അതിന്റെ ടെൻഷനും ഇടയ്ക്ക് നിരാശയുമൊക്കെ ഉണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് പഠിക്കാൻ പറ്റിയെന്നും മോശമില്ലാതെ എഴുതാൻ പറ്റിയെന്നും പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ തോന്നിയിരുന്നു. മുൻവർഷത്തെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നോക്കിയിരുന്നു. റാങ്ക് കിട്ടി എന്നത് സ്വപ്ന തുല്യമാണ്, നന്ദന പറഞ്ഞു.
അച്ഛനും അമ്മയുമായിരുന്നു വലിയ പിന്തുണ നൽകിയിരുന്നതെന്നും നന്ദന പറഞ്ഞു. ഒരിക്കൽപ്പോലും പഠിക്കണ്ട, നിർത്തിക്കോളൂ എന്നൊന്നും പറഞ്ഞിട്ടില്ല. മുൻപോട്ടു തന്നെ പൊയ്ക്കോളൂ എന്നൊരു പ്രചോദനം അവർ നൽകിയിരുന്നു. എന്നെക്കാൾ ഒരു പക്ഷെ ഈ നിമിഷം സന്തോഷിക്കുന്നത് അച്ഛനും അമ്മയുമാണ്- നന്ദന കൂട്ടിച്ചേർത്തു. റിട്ട. ബാങ്ക് ഓഫീസർ (കാനറ ബാങ്ക്) മുരുകനാണ് നന്ദനയുടെ പിതാവ്. അമ്മ ശശികല റിട്ട. സർക്കാർ ഉദ്യോഗസ്ഥയാണ്. ഒരു ചേട്ടനും ചേച്ചിയുമാണുള്ളത്. ഇരുവരും എസ്.ബി.ഐയിലാണ്.
ഏത് മേഖല ലഭിച്ചാലും നന്നായി ജോലി ചെയ്യണമെന്നതാണ് ഒരു ബ്യൂറോക്രാറ്റിന്റെ ഉത്തരവാദിത്തം.അതുകൊണ്ടുതന്നെ ഒരു പ്രത്യേക മേഖലയോട് താൽപര്യമില്ല. എന്നിരുന്നാലും വനിതാ-ശിശുക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയവയുമായിബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് താൽപര്യമെന്നും നന്ദന പറഞ്ഞു.
content highlights:kas stream one second rank holder nandana s pillai responds