ലോകമെമ്പാടുമായി ഭക്ഷണവുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടക്കാറുണ്ട്. ആകർഷകമായ സമ്മാനങ്ങളും മത്സരത്തിൽ ജയിക്കുന്നവർക്ക് കിട്ടും. ഡൽഹിയിലെ തെരുവിൽ ഉന്തുവണ്ടിയിൽ ഭക്ഷണം വിൽക്കുന്ന ഒരു സംഘം ഭക്ഷണപ്രിയർക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുകയാണ്. അവരുടെ 20 മുട്ടകൾ ചേർത്തുണ്ടാക്കിയ ഭീമൻ എഗ്ഗ് റോൾ 20 മിനിറ്റുകൊണ്ട് തിന്നു തീർക്കണം. മത്സരത്തിൽ വിജയിച്ചാൽ 20000 രൂപ സമ്മാനമായി അവർ നൽകും.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച എഗ്ഗ് റോൾ ഉണ്ടാക്കുന്ന വീഡിയോ ഇതുവരെ 9.3 ലക്ഷം പേരാണ് കണ്ടത്. 39,000-ൽ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് കിട്ടി.
ഗോതമ്പ് മാവ് കുഴച്ച് ചപ്പാത്തി പരുവമാക്കും. അതിനുശേഷം ഈ മാവ് ദോശക്കല്ലിൽ നന്നായി പരത്തും. ഒരു ഭാഗം വെന്തശേഷം ഇത് മറിച്ചിടും. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കും. മുട്ടയിലേക്ക് മസാല ചേർത്ത് ഇളക്കും. രണ്ടുവശവും വെന്തശേഷം ഇത് അടുപ്പിൽനിന്ന് മാറ്റി വയ്ക്കും. തുടർന്ന് എഗ്ഗ് റോളിന് ഉള്ളിൽവയ്ക്കാൻ ഹക്ക ന്യൂഡിൽസ്, സോയ ചാപ്, പനീർ ടിക്ക, സവാള, മയൊണൈസ്, നാരങ്ങാ നീര്, എരിവുള്ള മുളക് സോസ് എന്നിവ ചേർക്കും. നല്ല ചൂടുള്ള എഗ്ഗ് റോൾ മടക്കിയെടുത്ത് കൂടിനുള്ളിലാക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
Content highlights: can you finish this gigantic egg roll in 20 minutes you may win rs 20k