കൊല്ലം രൂപതയിലെ ചവറ തെക്കുംഭാഗം ഇടവക വികാരി രാജേഷ് മാർട്ടിനാണ് അക്രമത്തിന് ആഹ്വാനം ചെയ്ത് കുർബ്ബാന മധ്യേ പ്രസംഗിച്ചത്. അഭിഭാഷകനായ ബോറിസ് പോളാണ് വൈദികന്റെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. “പാതിരി വക മനോഹരമായ കൊലവിളി!” എന്ന കുറിപ്പോടെയാണ് ബോറിസിന്റെ പോസ്റ്റ്. അധികൃതർക്കെതിരെ ഭീഷണി മുഴക്കിയ വൈദികനെതിരെ കേസെടുക്കണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെടുന്നത്.
“നമ്മുടെ ഇടവകയിൽ തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിൽ കുരിശിന്റെ വഴിയുടെ പതിനാല് സ്ഥലങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ഉടനെ പഞ്ചായത്തിലേക്കും തഹസിൽദാരുടെ ഓഫീസിലേക്കും പരാതി പോയി. പഞ്ചായത്തിൽ നിന്നും സ്റ്റോപ്പ് മെമ്മോ ലഭിച്ചു. കൂടാതെ തഹസിൽദാർ സ്ഥലം വന്നു കാണുകയും ചെയ്തു. അങ്ങനെ പ്രശ്നമായി. നന്മ ചെയ്യുന്നത് മനസിലാക്കാതെയുള്ള പ്രതികരണങ്ങളാണ്. ഈ പ്രതികരണങ്ങൾ സംഭവിക്കുമ്പോൾ അവിടെ കണ്ണ് ചൂഴ്നെടുത്ത് കളയേണ്ടി വരും. കൈ ഛേദിക്കേണ്ടി വരും. കാരണം അത് നന്മയ്ക്കെതിരായ പ്രകടനങ്ങളാണ്. നന്മയെ പ്രകാശിപ്പിക്കുന്നവർക്ക് എതിരായ പ്രകടനങ്ങളാണ്. അപ്പോൾ കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ എറിയപ്പെടും.” വൈദികൻ പറഞ്ഞു.
വൈദികന്റെ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. “ഒരു ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ തന്നെങ്കിൽ താങ്കളുടെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടായിട്ടായിരിക്കും. തെറ്റ് ചൂണ്ടികാണിച്ചവരുടെ കൈകൾ വെട്ടും കണ്ണുകൾ ചൂഴ്ന്നു എടുക്കും എന്നൊക്കെ പറയാൻ താങ്കൾ ആരാണ്? ക്രിസ്തുവും ഇതുപോലെ സ്വന്തം സമുദായത്തിലെ തെറ്റുകൾ ചൂണ്ടികാണിച്ചതിനാലാണ് അന്നത്തെ പുരോഹിത വർഗ്ഗം അദ്ദേഹത്തെ ക്രൂശിലേറ്റിയത്. അതുതന്നെയല്ലേ ഇവിടെ ഇവിടെയും ആവർത്തിക്കുന്നത്. തെറ്റ് ചൂണ്ടികാണിക്കുന്നവരെ ക്രൂശിക്കുക. ഇതാണോ ക്രിസ്തീയത. ഇതാണോ പുതിയ നിയമം നമ്മെ പഠിപ്പിക്കുന്നത്?” പോസ്റ്റിൽ തോമസ് ഫാബിയാൻ എന്നയാൾ കമന്റ് ചെയ്തു.