കോവിഡ് പടർന്ന് പിടിച്ചതും ലോക്ഡൗൺ ഏർപ്പെടുത്തിയതും വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുന്ന സേവനത്തിന് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഡ്രോൺ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്ന രീതി അത്ര ജനകീയമായിട്ടില്ലെങ്കിലും പുറംനാടുകളിൽ വലിയ സ്വീകാര്യതയാണുള്ളത്.
ഇങ്ങനെ ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനിടെ ഡ്രോണിനെ ആക്രമിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിലാണ് സംഭവം.
പാക്കു ചെയ്ത ഭക്ഷണവുമായി പറന്നുയർന്ന ഡ്രോണിനടുത്തേക്ക് കാക്ക പറന്നടുക്കുന്നതും ഡ്രോണിനെ കൊത്താൻ നോക്കുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുക. അതിനുശേഷം ശക്തിയോടെ ഡ്രോണിനെ കാക്ക കൊത്തി വലിക്കാൻ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ കാക്ക പറന്നുപോയി. ഇതിനിടെ ഡ്രോണിൽ നിന്ന് താഴേക്ക് ഭക്ഷണം വീഴുന്നു.
40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ അരലക്ഷത്തിലധികം പേരാണ് കണ്ടത്. ബെൻ റോബോർട്ട് എന്നയാളാണ് ഭക്ഷണം ഓഡർ ചെയതത്. താൻ ഓഡർ ചെയ്ത ഭക്ഷണത്തിനായി കാത്തുനിൽക്കുമ്പോഴാണ് കാക്കഡ്രോണിനെ ആക്രമിക്കുന്നത് ഇയാൾ കണ്ടത്. മുഴുവൻ ദൃശ്യങ്ങളും പകർത്തിയ ബെൻ ദൃശ്യങ്ങൾ യൂട്യൂബിൽ ഇടുകയായിരുന്നു.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത് പക്ഷികളുടെ വഴി മനുഷ്യർ തടസ്സപ്പെടുത്തിയാൽ അവർ എന്തുചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്.
Content highlights: bird attacks food delivery drone internet reacts