രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യം ഓഫീസുകളും തിങ്കളാഴ്ച അടഞ്ഞ കിടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യവസായ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതുപരിപാടികൾ, മറ്റ് ചടങ്ങുകൾ എന്നിവ ഉണ്ടാകില്ല. അതേസമയം, പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് സർവീസുകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കി. ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
ഹർത്താലിൻ്റെ പശ്ചാത്തലത്തിൽ തീങ്കളാഴ്ച സാധാരണ സർവീസുകൾ ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാൻ സാധ്യതയുള്ളതിനാലും സാധാരണഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടാകില്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ദീർഘദൂര സർവീസുകൾ അടക്കമുള്ള എല്ലാ സർവീസുകളും തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം വിവിധ ഡിപ്പോകളിൽ നിന്നും ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടുതലുണ്ടെങ്കിൽ ദീർഘദൂര സർവീസുകൾക്കായി ബസുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു.
അതേസമയം, ആവശ്യ സർവീസുകൾ വേണ്ടിവന്നാൽ മാത്രം പോലീസിൻ്റെ നിർദേശപ്രകാരവും ആവശ്യം പരിഗണിച്ചും നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. പോലീസ് സുരക്ഷയോടെ റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ മാത്രമാകും ഇത്തരം സർവീസുകൾ ഉണ്ടാകുക.
പഞ്ചാബ്, തമിഴ്നാട്, കർണാടക, തെലങ്കാന, ഹരിയാന, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഭാരത് ബന്ദിന് പിന്തുണ ലഭിക്കുന്നുണ്ട്. പഞ്ചാബ് സർക്കാർ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ തിങ്കളാഴ്ച ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരോട് അവരുടെ ആവശ്യങ്ങളിൽ സംഭാഷണം നടത്തണമെന്നും കേന്ദ്രത്തിന്റെ മൂന്ന് നിയമങ്ങൾ റദ്ദാക്കണമെന്നും അവർ സർക്കാരിനോട് അഭ്യർഥിച്ചു.
ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ഈ ദിവസം ഹർത്താൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ജദ്രോഹ നയങ്ങൾക്കെതിരെ 27ന് നടത്തുന്ന ഭാരത് ബന്ദിനോട് ഇടത് പാർട്ടികൾ നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തൊഴിലാളി സംഘടനകളും ബന്ദിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരും ഉൾപ്പടെ നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ വിവാദ കർഷക നിയമങ്ങൾ പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുന്നത്. കൊവിഡ്-19 റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.