ഹോട്ടലുകളിൽ അപ്രതീക്ഷ സന്ദർശനം നടത്തി ഹോട്ടൽ ജീവനക്കാരെയും ജനങ്ങളെയും ഞെട്ടിക്കുന്ന വി.ഐ.പി.കളെ നമ്മുടെ നാട്ടിലും കാണാറുണ്ട്. എന്നാൽ, ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വന്ന ബ്രസീലിയൻ പ്രസിഡന്റിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
യു.എൻ. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ന്യൂയോർക്ക് സിറ്റിയിൽ കറങ്ങാനിറങ്ങിയതാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൽസനാരോയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏതാനും മന്ത്രിമാരും. യോഗത്തിനുശേഷം ഇവർ എല്ലാവരും അടുത്തുള്ള റെസ്റ്റൊറന്റിൽ എത്തിയെങ്കിലും പ്രവേശനം നിഷേധിച്ചു. വാക്സിനെടുക്കാത്തതാണ് കാരണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിന്റെ തെളിവു കാണിച്ചാൽ മാത്രമാണ് യു.എസിൽ ഹോട്ടലുകളിൽ പ്രവേശനമുള്ളു.
വാങ്ങിയ പിസ റെസ്റ്റൊറന്റിനു പുറത്തുനിന്നു നിന്നു കഴിക്കുന്ന ബൊൽസനാരോയുടെയും കൂട്ടരുടെയും ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ബ്രസീലിയൻ ടൂറിസം മന്ത്രി ഗിൽസൺ മഷാഡോ ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
വാക്സിൻ എടുത്തില്ലെങ്കിൽ യു.എൻ. യോഗത്തിലേക്ക് വരേണ്ടതില്ലെന്ന് ന്യൂയോർക്ക് മേയർ ബിൽ ജെ ബ്ലാസിയോ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റെസ്റ്റൊറന്റിനു പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ബ്രസീലിയൻ നേതാക്കന്മാരുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
അതേസമയം, റെസ്റ്റൊറന്റിനു പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ബ്രസീലിയൻ പ്രസിഡന്റിന്റെ ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ട്വിറ്ററിൽ ലഭിക്കുന്നത്. ചിലർ ബൊൽസനാരോയുടെ എളിമയെ പുകഴ്ത്തിയപ്പോൾ മറ്റു ചിലർ പ്രസിഡന്റിന്റെ വാക്സിൻ വിരുദ്ധതയെ വിമർശിച്ചു.
Content highlights: brazil president eats pizza on nyc streets after un meet twitter reacts