വല്ലാതെ മടുത്തിരിക്കുമ്പോൾ ഒരു കപ്പ് കാപ്പി കിട്ടിയാൽ ഉഷാറാവാത്തവരുണ്ടോ? കടുംകാപ്പിയോ കടുപ്പം കുറഞ്ഞ ഒരു കപ്പ് കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗവും. നമ്മുടെ ഈ ഇഷ്ടപാനീയമായ കാപ്പിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറൻസ്. കാപ്പിയുടെ ഏറെ ആരാധകരുള്ള നാടാണ് ഇറ്റലി.
ഒൻപത് മാസം നീളുന്നതാണ് കോഴ്സിന്റെ ദൈർഘ്യം. കാപ്പിയുടെ ചരിത്രം, രസതന്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികരംഗത്ത് കാപ്പിക്കുള്ള സാധ്യതകൾ എന്നിവയാണ് ഇക്കാലയളവിലെ പഠനവിഷയങ്ങൾ. കാപ്പി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് വിദ്യാർഥികളെ ഇന്റേൺഷിപ്പിനും അയക്കും.
കോഴ്സിന്റെ ആദ്യ ബാച്ച് ഇറ്റാലിയൻ ഭാഷയിലായിരിക്കും കോഴ്സ് പഠിക്കുക. ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിന് 24 പേർ ഇതിനോടകം അഡ്മിഷൻ എടുത്തു കഴിഞ്ഞു. കോഴ്സിന് കൂടുതൽ ആളുകൾ താത്പര്യം പ്രകടിപ്പിച്ചാൽ ഇംഗ്ലീഷിൽ കോഴ്സ് നൽകാനും യൂണിവേഴ്സിറ്റിക്ക് പദ്ധതിയുണ്ട്.
കാപ്പി ബിസിനസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കോഴ്സിൽ കൈകാര്യം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കാപ്പിയുടെ ഉത്ഭവം മുതൽ കാപ്പി കൊണ്ടുള്ള പാനീയം എങ്ങനെ വിളമ്പുമെന്ന് വരെ പഠനവിഷയമാകും.
Content highlights: the university of florence is offering a masters degree in coffee