ചോറിന് കറിയുണ്ടാക്കാൻ സമയമില്ലെന്ന പരാതിയാണോ? വീട്ടിൽ തക്കാളിയുണ്ടെങ്കിൽ എളുപ്പത്തിൽ മീൽസ് തയ്യാറാക്കാം. തക്കാളി ചോറുണ്ടാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
നന്നായി പഴുത്ത തക്കാളി – 2 എണ്ണം
കടലപ്പരിപ്പ്- 1 ടീസ്പൂൺ
വറ്റൽമുളക് -2-4 എണ്ണം
മഞ്ഞൾപ്പൊടി- ഒരുനുള്ള്
മുളക് പൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി -1/2 ടീസ്പൂൺ
കായപ്പൊടി-1/4 കായപ്പൊടി
ചോറ് – ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത രണ്ട് തക്കാളി തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് വേവിച്ചു വെക്കുക. ഇത് തണുത്ത ശേഷം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം ഒരു ടീ സ്പൂൺ കടലപ്പരിപ്പും വറ്റൽ മുളകും കറിവേപ്പിലയും അൽപം മഞ്ഞൾപ്പൊടിയും ഒരു നുള്ള് ജീരകവും ചേർത്തു ചൂടാക്കുക.
ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത ശേഷം ഒരു ടീ സ്പൂൺ മുളക് പൊടി അര ടീ സ്പൂൺ മല്ലിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. ഗ്രേവി ഒന്ന് കുറുകിയ ശേഷം കാൽ ടീ സ്പൂൺ കായപ്പൊടി ചേർക്കാം. ഇതിലേക്ക് ഒന്നര കപ്പ് ചോറ് (വൈറ്റ് റൈസ് ആണിവിടെ ഉപയോഗിച്ചിരിക്കുന്നത് ) ചേർത്ത് നന്നായി മിക്സ് ചെയ്തു മല്ലിയില ചേർത്ത് വാങ്ങാം. എരിവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയുടെ അളവ് കൂട്ടാം. കടുക് വറുക്കുമ്പോൾ പച്ചമുളക് കൂടി ചേർക്കാം.
Content Highlights: tomato rice recipe