കണ്ണൂർ: സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച കെ. സുധാകരൻ വിജയരാഘവനെ മുൻനിർത്തി സർക്കാർ മതമേലധ്യക്ഷൻമാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു. വിജയരാഘവൻ വർഗീയവാദിയാണെന്നായിരുന്നു കെ. സുധാകരന്റെ മറ്റൊരു ആരോപണം.
വിജയരാഘവനെപ്പോലുള്ള നേതാക്കൻമാരെ മുന്നിൽ നിർത്തി, ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുകയാണ് സർക്കാർ. വിജയരാഘവനാണ് ഏറ്റവും വലിയ വർഗീയവാദി. മതമേലാധ്യക്ഷൻമാരുമായി ഒരു സർക്കാർ യുദ്ധം ചെയ്യാൻ പാടുണ്ടോ. എല്ലാവരെയും വിളിച്ച് ചേർത്ത് ഈ പ്രശ്നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്.
സർക്കാർ പ്രശ്നം പരിഹരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നീടും ഇത്തരത്തിലുള്ള പരാമർശങ്ങൾ മതമേലധ്യക്ഷന്മാരിൽ നിന്ന് ഉണ്ടാവുകയാണ്. അതിനാൽ പ്രശ്നം പരിഹരിച്ചു എന്ന സർക്കാർ അവകാശവാദത്തിൽ കഴമ്പില്ല.
കോൺഗ്രസ് മതമേലധ്യക്ഷൻമാരുടെ യോഗം വിളിക്കുന്നുണ്ട്. ബിഷപ്പ് ആരോപിച്ചത് പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവർത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാൽ കർശനമായ അന്വേഷണത്തിന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും കെ. സുധാകരൻ പറഞ്ഞു.
Content Highlights: K Sudhakaran,A Vijayaraghavan, CPIM, Congress