അമിത അളവിൽ മധുരവും വറുത്ത ഉപ്പുകൂടുതലടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. ഇവ കൂടിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നീ ജീവിതശൈലീ രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാൻ കാരണമാകും. രക്തസമ്മർദമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
കാപ്പി
കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ഒന്നാന്തരം ഉത്തേജകമാണ്. കഫീന് രക്തസമ്മർദം ക്രമാതീതമായി വർധിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എനർജി ഡ്രിങ്കുകളിൽ കഫീനും പഞ്ചസാരയും അടങ്ങിയിട്ടുള്ളതിനാൽ അവ ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്.
ടിന്നിലടച്ച ഭക്ഷണങ്ങൾ
ടിന്നിലടച്ച ഭക്ഷണത്തിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്. ഇത് രക്തസമ്മർദം വർധിപ്പിക്കും. ഇത്തരം ഭക്ഷണങ്ങളിൽ പോഷകങ്ങൾ വളരെ കുറച്ചളവിലേ ഉണ്ടാകൂ. അതിനാൽ ടിന്നിലടച്ച ഭക്ഷണങ്ങൾക്കു പകരം പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കൂ.
പഞ്ചസാര
അധികം മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. പൊണ്ണത്തടി മുതൽ ഉയർന്ന രക്തസമ്മർദം വരെ ഇതുകൊണ്ട് ഉണ്ടാകാം. പൊണ്ണത്തടിക്ക് ഉയർന്ന രക്തസമ്മർദമായും മധുരവുമായി ബന്ധമുണ്ട്.
സംസ്കരിച്ച മാംസങ്ങൾ
സംസ്കരിച്ച മാംസങ്ങളിൽ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനുള്ളിൽ ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. കൂടാതെ അവയ്ക്കൊപ്പം സോസുകളും അച്ചാറും ചീസും ബ്രെഡ് എന്നിവ അടങ്ങിയിട്ടുണ്ടാകും. അതിനാൽ, കഴിക്കുന്ന സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് രക്തസമ്മർദത്തിന് വഴിവെക്കും.
ബ്രെഡ്
മൈദ കൊണ്ട് ഉണ്ടാക്കുന്നതിനാൽ ബ്രെഡ് ആരോഗ്യത്തിന് ഗുണകരമല്ല. ഇത് അധികം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. ശരീരഭാരം അധികമായാൽ സ്വാഭാവികമായും രക്തസമ്മർദം വർധിക്കും.
പീനട്ട് ബട്ടർ
പീനട്ട് അധികം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് വർധിക്കുന്നതിന് കാരണമാകും. പീനട്ട് ബട്ടറിൽ സോഡിയത്തിന്റെ അളവ് അധികമാണ്. ഇത് ഒഴിവാക്കണം.
Content highlights: high blood pressure diet avoiding these 7 foods can help to prevent hypertension