നേർത്ത നൂലുപോലുള്ള, വായിലിട്ടാൻ അലിഞ്ഞുപോകുന്ന, മധുരം കിനിയുന്ന സോൻ പപ്പടിയുടെ ആരാധകരല്ലാത്തവർ ആരാണുള്ളത്. ഇന്ത്യയിലെല്ലായിടത്തും ഒരുപോലെ ലഭ്യമായ ഈ മധുരപലഹാരം തയ്‌യാറാക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ഒരുപാട് സമയമെടുത്ത് നാലുപേർ ചേർന്നാണ് ഈ സ്വാദിഷ്ടമായ പലഹാരം തയ്‌യാറാക്കുന്നത്. വീഡിയോ കണ്ടാൽ പലഹാര കൊതിയന്മാരുടെ വായിൽ വെള്ളമൂറും ഉറപ്പ്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണങ്ങളെ പറ്റിയും അവ തയ്‌യാറാക്കുന്നതിനെത്തുറിച്ചും വിവരിക്കുന്ന ഇന്ത്യ ഈറ്റ്സ് മാനിയ എന്ന വ്ളോഗിലാണ് സോൻ പപ്പടി തയ്‌യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലെ മെഗാ കിച്ചൻ ഫാക്‍ടറിയാണ് സ്ഥലം. വീഡിയോ യൂട്യൂബിൽ പങ്കുവെച്ച് ഒരാഴ്ചയ്‍ക്കുള്ളിൽ 6.7 കോടി പേരാണ് കണ്ടത്.
നാലുകിലോ സോൻ പപ്പടി നാലുപേർ ചേർന്നാണ് തയ്‌യാറാക്കുന്നത്. മെഷീനിൽ പഞ്ചസാര സിറപ്പ് തയ്‌യാറാക്കുന്നതാണ് ആദ്യപടി. അതിനുശേഷം ഇത് തണുക്കാൻ വെക്കും. തുടർന്ന് നാലുപേർ ചേർന്ന് തണുത്ത സിറപ്പിനെ നന്നായി കുഴച്ച് വലിയൊരു റബ്ബർ ബാൻഡ് രൂപത്തിലാക്കും. കടലമാവും ഉണങ്ങിയ പഴങ്ങളും നെയ്‌യും ചേർത്ത മിശിത്രം ചേർത്തു കൊടുക്കും. ഇത് വീണ്ടും നന്നായി കുഴച്ച് ചേർക്കും. മിശ്രിതം നൂലുപോലെ, നേർത്തു വരുന്നതുവരെ ഈ പ്രക്രിയ തുടരും. അതിനുശേഷം മുകളിൽ ഉണങ്ങിയ പഴങ്ങൾ നിരത്തിയശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും. തുടർന്ന് പാക്കറ്റുകളിലാക്കി വിൽപ്പനയ്‍ക്ക് തയ്‌യാറാക്കുന്നാണ് വീഡിയോയിൽ ഉള്ളത്.
Content highlights: how to make soan papdi viral video shows painstaking process